30 June, 2021 08:10:50 PM


കൊച്ചി മെട്രോ ജൂലൈ ഒന്ന് വ്യാഴാഴ്ച മുതൽ; സമയം രാവിലെ 8 മുതൽ രാത്രി 8 വരെ



കൊച്ചി: മെട്രോ സർവീസ് വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും. രാവിലെ എട്ടു മുതൽ വൈകിട്ട് എട്ടു വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സർവീസ്. 53 ദിവസങ്ങൾക്കു ശേഷമാണ് കൊച്ചി മെട്രോ വീണ്ടും സജീവമാകുന്നത്. വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിക്കുന്ന സർവീസ് തിരക്കുള്ള സമയങ്ങളിൽ 10 മിനിറ്റ് ഇടവേളകളിലും തിരക്കില്ലാത്ത സമയങ്ങളില്‍ 15 മിനിറ്റ് ഇടവേളകളിലും മെട്രോ  സ്റ്റേഷനുകളിൽ എത്തും.


യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായാല്‍ സമയത്തിൽ മാറ്റം വരുത്തും. കോവിഡ് മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് പിന്നാലെ, രാവിലെ ഫോഗിങ് നടത്തിയതിന് ശേഷമായിരിക്കും യാത്ര ആരംഭിക്കുക. ഓരോ യാത്രയുടെയും അവസാനം ട്രെയിൻ ശുചീകരിക്കും. ട്രെയിനുകളിലെ താപനില 26 ഡിഗ്രിയിൽ ക്രമപ്പെടുത്താനും കഴിവതും കൊച്ചി 1 സ്മാർട് കാർഡ് ഉപയോഗിക്കാന്‍ കെഎംആര്‍എല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്റ്റേഷനുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുമ്പോഴും സമ്പര്‍ക്കം ഒഴിവാക്കാനുള്ള ക്രമീകരണം നടപ്പിലാക്കും. യാത്രക്കാര്‍ക്ക് മാസ്ക് നിര്‍ബന്ധമാണ്. ഒന്നിടവിട്ട സീറ്റുകളിൽ ഇരിക്കാൻ അനുവദിക്കുന്നതിന് പുറമെ പരമാവധി 100 യാത്രക്കാരെ ഒരു ട്രെയിനിൽ അനുവദിക്കാനാണ് കെ എം ആർ എൽ തീരുമാനിച്ചിരിക്കുന്നത് .


കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിയ്ക്കും സര്‍വീസുകള്‍ നടത്തുക. സാമൂഹിക അകലം ഉറപ്പാക്കും. ഒന്നിടവിട്ട സീറ്റുകളില്‍ മാത്രമെ ഇരുന്ന് യാത്ര ചെയ്യാന്‍ അനുവദിയ്ക്കുകയൊള്ളു. നിർബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം. ശരീര ഊഷ്മാവ്  പരിശോധിച്ച ശേഷം മാത്രമേ യാത്രക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. രോഗലക്ഷണങ്ങൾ കാണുന്നവരെ ട്രെയിനിൽനിന്ന് മാറ്റും. ഇവരെ എത്രയും വേഗത്തിൽ കോവിഡ് സെന്ററിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കും.

ട്രെയിനുകള്‍ ഓരോ യാത്രയ്ക്ക് ശേഷവും അണു വിമുക്തമാക്കും. ക്യത്യമായ സമയങ്ങളില്‍ സ്‌റ്റേഷനുകളും ശുചീകരിയ്ക്കും. ആദ്യ ഘട്ട കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ച സര്‍വീസുകള്‍ നേരത്തെ പുന: രാരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാരുടെ എണ്ണം വളരെ കുറവായിരുന്നു. പിന്നീട് അത് ഉയര്‍ന്നു. 35000 പേര്‍ ദിവസവും യാത്ര ചെയ്യുന്നു എന്ന സ്ഥിതിയിലേയ്ക്ക് എത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായത്. ഇതോടെ കെഎംആര്‍എല്‍ വലിയ പ്രതിസന്ധിയിലായി.


ട്രെയിനുകള്‍ നിര്‍ത്തിയതോടെ ഫീഡര്‍ സര്‍വ്വീസുകളും ഒഴിവാക്കി. വിമാനത്താവളത്തിലേയ്ക്കുള്ള ബസുകളും ഓടിയിരുന്നില്ല. സ്‌റ്റേഷന് അകത്ത് ഉണ്ടായിരുന്ന കടകളും അടച്ചു. എന്നാല്‍ ഓഫീസ് ആവശ്യത്തിന് നല്‍കിയിരിയ്ക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ടായിരുന്നു. കോവിഡ് വ്യാപനം കുറയുന്ന വരെ നിയന്ത്രണങ്ങൾ തുടരും. മൂന്നാം വ്യാപന ഭീഷണിയുള്ളതിനാൽ കാര്യമായ ഇളവുകൾ അനുവദിക്കണമോ എന്നും ആലോചനയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K