21 June, 2021 03:36:57 PM
രാമനാട്ടുകര അപകടത്തിൽ ദുരൂഹത: യാത്രാ സംഘം സ്വർണക്കടത്തുകാരെന്ന് സൂചന
കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ ദുരൂഹതയേറുന്നു. അപകടത്തില്‍ മരിച്ചവരിൽ ചിലര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും സ്വർണക്കടത്തായിരുന്നു മുഖ്യ ലക്ഷ്യമെന്നും പോലീസ് സംശയിക്കുന്നു.
ചെർപ്പുളശേരിയിൽനിന്നും 15 പേരടങ്ങുന്ന സംഘമാണ് ഞായറാഴ്ച അർധരാത്രിയോടെ കോഴിക്കോട് ഭാഗത്തേക്ക് പോയത്. മരിച്ച അഞ്ചുപേർ സഞ്ചരിച്ച ബൊലേറോ ജീപ്പിനുപുറമേ ഒരു ഇന്നോവയിലും സിഫ്റ്റ് കാറിലുമാണ് സംഘം സഞ്ചരിച്ചത്.
ലോക്ക്ഡൗൺ നിയന്ത്രണം നിലനിൽക്കെ ഇവർ സംഘടിച്ച് കോഴിക്കോട് പോയത് എന്തിനാണെന്നത് ദുരൂഹമാണ്. മറ്റു വാഹനങ്ങളിൽ സഞ്ചരിച്ചിരുന്ന ഏഴു പേരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
തങ്ങൾ കരിപ്പൂർ വിമാനത്താവളത്തിൽ പോയതാണെന്നാണ് ഇവരിൽ ചിലർ പറയുന്നത്. എന്നാൽ പോലീസ് ഇതു വിശ്വസിച്ചിട്ടില്ല. വിമാനത്താവളത്തിൽ നിന്നും പാലക്കാട് റൂട്ടിൽ സഞ്ചരിക്കേണ്ട വാഹനം ദിശമാറി രാമനാട്ടുകര റൂട്ടിൽ വന്നതാണ് പോലീസ് ഇക്കാര്യത്തിൽ സംശയം ഉന്നയിക്കുന്നത്.
തിങ്കളാഴ്ച പുലര്‍ച്ചെ 4.45 ഓടെയാണ് രാമനാട്ടുകരയില്‍ അപകടം നടന്നത്. ബൊലേറോ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി, പട്ടാമ്പി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ ഇവരാണ് മരിച്ചത്.