16 June, 2021 02:11:01 PM
കാട്ടാന കിണറ്റില്‍ വീണു: നഷ്ടപരിഹാരത്തിന് വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞ് നാട്ടുകാർ
കോതമംഗലം: കുട്ടമ്പുഴ പിണവൂർ കുടിയിൽ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷിച്ചു. ജെസിബി എത്തിച്ചാണ് ആനയെ രക്ഷിച്ചത്. പിണവൂർ കുടി അമ്പലത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിലാണ് ബുധനാഴ്ച പുലർച്ചെ ആന വീണത്. കാഴ്ചയിൽ പത്ത് വയസ് പ്രായം തോന്നിക്കുന്ന പിടിയാനയാണ് റബർത്തോട്ടത്തിലെ കിണറ്റിൽ അകപ്പെട്ടത്.
പിണവൂർകുടി കൊട്ടാരം ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന പ്രദേശമാണ് ഇവിടം. സംഭവം അ റിഞ്ഞ് നേര്യമംഗലം റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘം പിണവൂർ കുടിയിലെത്തി ആനയെ കരയ്ക്കു കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ വശങ്ങൾ ഇടിച്ച് ആനക്ക് കയറി പോകാൻ ഇടമൊരുക്കിയത്. മൂന്ന് മണിക്കൂർ പണിപ്പെട്ടാണ് ആനയെ കരയ്ക്കു കയറ്റിയത്. രക്ഷപ്പെടുത്തിയ ആനയെ കാട്ടിലേക്ക് വിട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്ഥിരമായി കാട്ടാന കൂട്ടങ്ങൾ ഇറങ്ങുന്ന പ്രദേശങ്ങളാണ് കുട്ടമ്പുഴ, കോട്ടപ്പടി എന്നിവ.
കാട്ടാന വരുത്തിയ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധിച്ചിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചായിരുന്നു പ്രതിഷേധം. മുൻപ് സമാനരീതിയിൽ കിണറുകളിൽ വീണ ആനകളെ രക്ഷിച്ചെടുക്കുമ്പോൾ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയിരുന്നു. ഇതുവരെ നഷ്ടപരിഹാരം ലഭിക്കാത്തതിനാലാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ഇന്ന് മൂന്നാറിൽ നടക്കുന്ന യോഗത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന് ഡിഎഫ്ഒ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.