12 June, 2021 06:04:21 PM
കൊച്ചിയിൽ നിന്ന് കൂടുതൽ തടികൾ പിടികൂടി ; അന്വേഷണത്തിന് വനം വകുപ്പ്
കൊച്ചി: ഇടുക്കി അടിമാലിയിലെ പട്ടയ ഭൂമിയിൽനിന്ന് മുറിച്ച തടികൾ പിടികൂടിയ സംഭവത്തിൽ സമഗ്രമായ അന്വേഷണത്തിന് വനം വകുപ്പ്. 19 ലക്ഷം രൂപയുടെ ഈട്ടിത്തടികളാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. അടിമാലിയിലെ പട്ടയ ഭൂമിയിൽനിന്ന് മുറിച്ചു മാറ്റിയ തടികളാണ് എറണാകുളം കരിമുഗളിലെ മില്ലിൽ നിന്ന് പിടിച്ചെടുത്തത്. ഫെബ്രുവരി 10നാണ് മരങ്ങൾ ഒയാസിസ് ടിംബേഴ്സിൽ എത്തിച്ചത്.
അടിമാലി സ്വദേശികളായ അലൻ, ബെന്നി എന്നിവരാണ് തടി കൊണ്ടുവന്നത്. വനം വകുപ്പിന്റെ പാസും മറ്റു രേഖകളും ഇവർ നൽകുകയും ചെയ്തിരുന്നു. ഈ തടികൾ ആണ് ഫോറസ്റ്റ് വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഈട്ടിത്തടിയും മുറിച്ച പലകകളും ഉണ്ടായിരുന്നു. 9.874 ക്യൂബ് അളവ് വരുന്നതായിരുന്നു ഈ തടികൾ. എട്ടു ലക്ഷം രൂപ വിലവരും. ഒയാസിസ് ടിംബേഴ്സ് ഉടമ പയസിനെതിരെ വനംവകുപ്പ് കേസെടുത്തു. കരിമുഗൾ തന്നെയുള്ള മ്യൂസിക്കൽ വുഡ്സ് എന്ന മില്ലിൽ നിന്നാണ് 11 ലക്ഷത്തിന്റെ തടി പിടിച്ചെടുത്തത്. അടിമാലി റേഞ്ചിൽ നിന്ന് മുറിച്ചു കടത്തിയതാണ് ഈ തടിയും. 11 മീറ്റർ ക്യൂബ് തടിയാണ് ഇവിടെയുണ്ടായിരുന്നത്.
റവന്യൂ വകുപ്പിന്റെ ഉത്തരവിന്റെ മറവിൽ പട്ടയ ഭൂമിയിൽ നിന്ന് വ്യാപകമായി മുറിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് വനംവകുപ്പ് പരിശോധന ശക്തമാക്കിയത്. നേരത്തെ മലബാർ മേഖലയിൽ നിന്ന് മുറിച്ച തടി പെരുമ്പാവൂരിൽ നിന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എറണാകുളം ജില്ലയിൽ വ്യാപകമായ പരിശോധനയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തുന്നത്.