06 June, 2021 04:31:04 PM
ലോക്ക്ഡൗൺ ലംഘനം: നോട്ടീസുമായി പോലീസ്: ബിജെപി കോര്‍ കമ്മിറ്റി യോഗസ്ഥലം മാറ്റി
കൊച്ചി: ലോക്ക്ഡൗൺ ലംഘനം ചൂണ്ടിക്കാട്ടി പൊലീസ് നോട്ടീസ് നൽകിയതിനു പിന്നാലെ ബിജെപി കോര്‍ കമ്മിറ്റി യോഗ സ്ഥലം മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ കോർ കമ്മിറ്റി ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം നിശ്ചയിച്ചിരുന്ന ഹോട്ടലില്‍ ലോക്ക്ഡൗണ്‍ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണിത്.
സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിലവിലെ കോവിഡ് പശ്ചാത്തലത്തില്‍ ഹോട്ടലില്‍ യോഗനടപടികള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹോട്ടല്‍ തുറക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ലെന്ന് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യോഗം മാറ്റിയെന്നാ നേതക്കൾ മാധ്യമങ്ങളെ അറിയിക്കുകയായിരുന്നു.
മൂന്നു മണിയ്ക്ക് ചേരാനിരുന്ന കോർ കമ്മിറ്റിയ്ക്ക് മുന്നോടിയായി പി. കെ. കൃഷ്ണദാസ് അടക്കമുള്ള നേതാക്കൾ ഹോട്ടലിൽ എത്തിയിരുന്നു. നേരത്തെ യോഗത്തിന്റെ വിശദാംശങ്ങളും നിയമപരമായി നടത്താനുള്ള സാധുതയും പോലീസ് പരിശോധിച്ചിരുന്നു. യോഗത്തിൽ പങ്കെടുക്കുന്ന ബിജെപി നേതാക്കൾ ഹോട്ടലിലേക്ക് എത്തികൊണ്ടിരിക്കുന്നതിനിടെയാണ് നടപടി. പത്തു പേർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നതെന്നായിരുന്നു ബി ജെ പിയുടെ വിശദീകരണം.
കൊടകര കുഴൽപ്പണ കേസ് അന്വേഷണം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്കും മകനിലേക്കും നീങ്ങുന്ന ഘട്ടത്തിൽ ബി.ജെ.പിയെ സംബന്ധിച്ച് ഏറെ നിർണായകമാണ് കോർ കമ്മിറ്റിയോഗം.