01 June, 2021 11:39:56 PM
കൊച്ചി വാട്ടർ മെട്രോ: സർക്കാരിന് 74 ശതമാനം വിഹിതം; ധാരണാപത്രം ഒപ്പുവെച്ചു
കൊച്ചി : കൊച്ചി വാട്ടർ മെട്രോ പദ്ധതിയുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപീകരിക്കുന്നതിന് സംസ്ഥാന സർക്കാരും കൊച്ചി മെട്രോയും ധാരണാപത്രം ഒപ്പുവച്ചു. കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡിൽ സംസ്ഥാന സർക്കാരിന് 74 ശതമാനവും കൊച്ചി മെട്രോയ്ക്ക് 26 ശതമാനവും വിഹിതമാവും ഉണ്ടാവുക.
ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയിയും കൊച്ചി മെട്രോ എംഡി കെ. ആർ. ജ്യോതിലാലുമാണ് ധാരണാപത്രം ഒപ്പുവച്ചത്. കൊച്ചി വാട്ടർ മെട്രോയുടെ ഡയറക്ടർ ബോർഡിൽ എട്ട് അംഗങ്ങളായിരിക്കും ഉണ്ടാവുക. ഇതിൽ അഞ്ച് പേർ സർക്കാർ നിർദേശിക്കുന്നവരായിരിക്കും. മെട്രോ സ്റ്റേഷനുകൾ, ബസ് ടെർമിനലുകൾ, ബോട്ടു ജെട്ടികൾ എന്നിവയെ ബന്ധിപ്പിച്ചായിരിക്കും വാട്ടർ മെട്രോ സർവീസ് നടത്തുക. വാട്ടർ മെട്രോയ്ക്ക് 38 ജെട്ടികളുണ്ടാവും.
കൊച്ചിയിലെ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ചു കൊണ്ട് 78 ബോട്ടുകൾ സർവീസ് നടത്തും. 23 എസി ഇലക്ട്രിക് ബോട്ടുകളുടെ നിർമാണം കൊച്ചിൻ ഷിപ്പ്യാർഡിൽ പുരോഗമിക്കുകയാണ്. 747 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ജർമൻ ഫണ്ടിംഗ് ഏജൻസിയായ കെഎഫ്ഡബ്ള്യു ആണ് പദ്ധതിക്കാവശ്യമായ തുക നൽകുന്നത്. വാട്ടർ മെട്രോയുടെ വൈറ്റിലയിലും കാക്കനാടുമുള്ള ടെർമിനലുകൾ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്തിരുന്നു.