29 May, 2021 09:05:17 AM
ടൂറിസ്റ്റ് ബസില്‍ കഞ്ചാവ് കടത്ത്: മൂന്നു കാസർഗോഡ് സ്വദേശികൾ അറസ്റ്റിൽ; മാരകായുധങ്ങളും പിടിച്ചെടുത്തു
കാസര്‍ഗോഡ്: ആന്ധ്രപ്രദേശില്‍നിന്നു ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന 240 കിലോഗ്രാം കഞ്ചാവുമായി മൂന്ന് കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍. ചെങ്കള മേനാങ്കോട് സ്വദേശി എം.എ. മുഹമ്മദ് റയിസ് (23), ചെര്‍ക്കള സ്വദേശി മുഹമ്മദ് ഹനീഫ (41), പള്ളിക്കര പെരിയാട്ടടുക്കം സ്വദേശി കെ.മൊയ്തീന്‍കുഞ്ഞി (28) എന്നിവരാണ് അറസ്റ്റിലായത്.
തുടര്‍ന്ന് പ്രതികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഹനീഫ താമസിക്കുന്ന വാടക മുറിയില്‍നിന്നു തോക്ക്, കത്തി, വടിവാള്‍, ബേസ്ബോള്‍ ബാറ്റ് എന്നിവ കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെ 10.30 ഓടെ ചെമ്മനാട് ചെട്ടുംകുഴിയിലാണു കഞ്ചാവ് വേട്ട നടന്നത്. കാസര്‍ഗോഡ് ഡിവൈഎസ്പി പി.പി. സദാനന്ദന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബസിന്റെ പിന്നിലെ ക്യാബിനിലാണു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
ബസിന്റെ ഉടമയുടെ മകനാണ് മുഹമ്മദ് റയിസ്. ആസാം സ്വദേശികളായ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കുകയെന്ന വ്യാജേനയാണ് ഇവര്‍ ചെര്‍ക്കളയില്‍നിന്ന് ആന്ധ്രയിലേക്കു സര്‍വീസ് നടത്തിയിരുന്നത്. തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും വ്യാജമായി സൃഷ്ടിച്ച ഇവര്‍ പ്രത്യേക ആര്‍ടിഒ പാസും സംഘടിപ്പിച്ചാണ് ബസോടിച്ചത്. കഞ്ചാവ് കടത്തിനുവേണ്ടി മാത്രമായിരുന്നു ഇവർ സർവീസ് നടത്തിയത്. ഇത്തരത്തില്‍ ആറു തവണ ബസ് സര്‍വീസ് നടത്തിയിട്ടുള്ളതായാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ 30 തവണയെങ്കിലും സര്‍വീസ് നടത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവാണ് പ്രതികളില്‍ നിന്ന് പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നതായി പോലീസ് പറഞ്ഞു. സമീപകാലത്ത് കാസര്‍ഗോട്ട് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണിത്.