29 May, 2021 08:46:35 AM
റെംഡിസിവര്‍ കരിഞ്ചന്തയിലെത്തിയ സംഭവം ഡ്രഗ് കണ്ട്രോള് വിഭാഗം അന്വേഷിക്കുന്നു
കോഴിക്കോട്: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവര്‍ കരിഞ്ചന്തയിലെത്തിയ സംഭവം ഡ്രഗ് കണ്ട്രോള് വിഭാഗം അന്വേഷിക്കുന്നു. ആശുപത്രികളിലേക്ക് മാത്രം വില്‍പ്പന നടത്തേണ്ട മരുന്നുകളാണ് ബംഗളുരു കേന്ദ്രീകരിച്ചുള്ള കരിഞ്ചന്തയില്‍ വ്യാപകമായി വിറ്റഴിക്കാന്‍ ശ്രമിച്ചത്.
ബംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോടുള്ള സ്പെഷാലിറ്റി ഫാര്‍മയില്‍ നിന്നുള്ള മരുന്നാണെന്ന് വ്യക്തമായത്. തുടര്‍ന്ന് പോലീസ് കോഴിക്കോടെത്തി പരിശോധന നടത്തിയിരുന്നു. സ്പെഷാലിറ്റി ഫാര്‍മയില്‍നിന്ന് പത്ത് വയെല്‍ റെംഡിസിവര്‍ മരുന്ന് പോലീസ് പിടിച്ചെടുക്കുകയും ചെയ്തു. ഇതോടെയാണ് ഡ്രഗ് കണ്ട്രോള് വിഭാഗവും ഇക്കാര്യം അറിയുന്നത്.
പോലീസ് നല്കിയ വിവരത്തെ തുടര്‍ന്ന് സ്ഥാപനത്തില്‍ ഡ്രഗ് കണ്ട്രോള് വിഭാഗം പരിശോധന നടത്തി. ഈ സമയം ഫാര്‍മസിസ്റ്റ് പോലും സ്ഥാപനത്തിലുണ്ടായിരുന്നില്ല. തുടര്‍ന്ന് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിച്ചു. മരുന്നുകള്‍ പുറത്ത് വിറ്റഴിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ഥാപന ഉടമകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് റീജണല്‍ ഡ്രഗ് കണ്ട്രോളര് ഷാജി വര്‍ഗീസ് അറിയിച്ചു. 3,400 രൂപയുടെ മരുന്ന് 10,000 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വിറ്റഴിക്കുന്നതെന്നാണ് ലഭിച്ച വിവരം. സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു പോലീസ് സഞ്ജീവ് കുമാര്‍ എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു.
സഞ്ജീവ് കുമാര്‍ കൈവശം സൂക്ഷിച്ച 25 വയല്‍ മരുന്നും പോലീസ് പിടികൂടിയിരുന്നു. കോവിഡ് തീവ്രവ്യാപനത്തെ തുടര്‍ന്ന് മരുന്നുകള്‍ വ്യാപകമായി കരിഞ്ചന്തയില്‍ വിറ്റഴിച്ചിട്ടുണ്ടെന്നാണ് വിവിധ ഏജന്‍സികള്‍ പറയുന്നത്. കഴിഞ്ഞ മാസം മരുന്ന് കരിഞ്ചന്തയില്‍ വിറ്റഴിച്ച കേസില്‍ ആറ് ഡോക്ടര്‍മാരാണ് പിടിയിലായത്.