25 May, 2021 05:54:24 PM
ഉപയോഗിച്ച പിപിഇ കിറ്റുകളും മാസ്കുകളും ഉള്‍പ്പെടെ ചാക്കുകളില്‍ കെട്ടി റോഡില്‍ തള്ളി
മൂവാറ്റുപുഴ: ഉപയോഗിച്ച പിപിഇ കിറ്റുകളും മാസ്കുകളും ഉള്‍പെടെ ചാക്കുകളില്‍ കെട്ടി എംസി റോഡില്‍ തള്ളി. മാലിന്യം തള്ളിയവരെ കുറിച്ച് സൂചന ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാരുടെ ആക്ഷേപം. പിപിഇ കിറ്റ് നിര്‍മാണ യൂണിറ്റില്‍ നിന്ന് ഉള്‍പെടെയുള്ള മാലിന്യങ്ങളാണ് വാഴപ്പിള്ളി മില്‍മയ്ക്കു സമീപം റോഡരികില്‍ തള്ളിയത്. റോഡിലേക്കു തള്ളിയ പത്തോളം വലിയ ചാക്കുകളില്‍ നിറച്ച മാലിന്യത്തില്‍ നിന്ന് പിപിഇ കിറ്റുകളുടെ അവശിഷ്ടങ്ങള്‍ പുറത്തേക്കു വീണു കിടന്നിരുന്നത് നാട്ടുകാരില്‍ ആശങ്കയുണ്ടാക്കുന്നു.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ പി പി എല്‍ദോസ്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി എം അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും നഗരസഭ ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്ത് എത്തി പരിശോധന നടത്തി. തുടര്‍ന്ന് മാലിന്യം ആശുപത്രിയില്‍ എത്തിച്ചു സംസ്കരിച്ചു. എന്നാല്‍ മാലിന്യം തള്ളിയവരെ കുറിച്ച് സൂചന ലഭിച്ചെങ്കിലും നടപടിയെടുക്കാന്‍ അധികൃതര്‍ തയാറായിട്ടില്ലെന്നാണ് ആക്ഷേപം. പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചാല്‍ മാലിന്യം തള്ളിയവരെ കണ്ടെത്താന്‍ കഴിയുമെന്നിരിക്കെ അതിനുള്ള ശ്രമവും നടക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.