19 May, 2021 09:36:16 PM


ചെല്ലാനത്തെ ദുരിതബാധിതർക്ക് പൂർണപിന്തുണ ഉറപ്പാക്കും - ദുരന്തനിവാരണ സമിതി

 


കൊച്ചി: കടലാക്രമണത്തിൽ നാശനഷ്ടങ്ങൾ നേരിട്ട ചെല്ലാനം പ്രദേശത്ത് ഫയർ ഫോഴ്സിന്റെയും സന്നദ്ധ സേവകരുടെയും നേതൃത്വത്തിൽ വ്യാഴാഴ്ച ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കടൽ ക്ഷോഭം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പതിനയ്യായിരത്തിലധികം മണൽ ചാക്കുകളും ഫയർ ഫോഴ്സിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രോഗപ്രതിരോധ മരുന്നുകൾ, ശുചീകരണ സാമഗ്രികൾ എന്നിവ വിതരണം ചെയ്യാനും ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ സമിതി യോഗത്തിൽ തീരുമാനിച്ചു. 


ജില്ലയിലെ ആദിവാസി ഊരുകളിൽ  മഴക്കാലം ശകതമാകുന്നതിന് മുൻപായി കോവിഡ് വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി. പോലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ ഇതിനാവശ്യമായ സഹായങ്ങൾ ഒരുക്കും. ട്രിപ്പിൾ ലോക് ഡൗൺ സാഹചര്യത്തിൽ പാൽ പാഴാകുന്നത് ഒഴിവാക്കുന്നതിനായി വിവിധ  കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കും മറ്റുമായി പാൽ വാങ്ങുന്നതിനും യോഗം തീരുമാനിച്ചു.


ജില്ലയിലെ പൈനാപ്പിൾ കർഷകർക്ക് വിപണി ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. ശക്തമായ മഴക്കാലം മുന്നിൽക്കണ്ടുള്ള ഒരുക്കങ്ങൾ വേഗത്തിലാക്കും. കോവിഡ് സാഹചര്യത്തിൽ പ്രത്യേക ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പരിശീലനം നൽകും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, കൊച്ചി മേയർ എം. അനിൽ കുമാർ, ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ, പോലീസ്, ആരോഗ്യവകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K