12 May, 2021 10:10:57 AM
അധികൃതരുടെ ഒത്താശയോടെ സ്വകാര്യ എസ്റ്റേറ്റിൽ നിയമവിരുദ്ധമായി മരം മുറിക്കൽ
മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലുള്ള സ്വകാര്യ എസ്റ്റേറ്റിൽ നിയമവിരുദ്ധമായി മരം മുറിക്കുന്നതായി ആക്ഷേപം. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ആരംഭിച്ച ലോക്ഡൗൺ മറവിലാണ് കോടികളുടെ മരംമുറി. 500ലധികം വർഷം പഴക്കമുള്ള കൂറ്റൻ വീട്ടിമരങ്ങൾ, തേക്കുകൾ, കുന്നി തുടങ്ങിയവയാണ് മുറിക്കുന്നത്. 100 ഏക്കർ വരുന്ന എസ്റ്റേറ്റ് മുഴുവൻ വെട്ടിവെളുപ്പിക്കാനാണ് ശ്രമം.
കോഫി ബോർഡ് ശിപാർശയുടെയും റവന്യൂ വകുപ്പിന്റെ എതിർപ്പില്ലാ സർട്ടിഫിക്കറ്റിന്റെയും ബലത്തിൽ വനംവകുപ്പ് അനുമതിയോടെയാണ് മരം മുറിക്കുന്നതെന്നാണ് ഉടമകൾ പറയുന്നത്. എന്നാൽ, എസ്റ്റേറ്റിൽ അഞ്ചേക്കർ പട്ടയമില്ലാത്ത റവന്യൂ ഭൂമിയുണ്ട്. ഇതിലെ സർക്കാർ ഉടമസ്ഥതയിലുള്ള തേക്കും വീട്ടിയും മുറിച്ചിട്ടുണ്ട്. സർക്കാർ വക മരം മുറിക്കാൻ റേഞ്ച് ഓഫിസറും വില്ലേജ് ഓഫിസറും താലൂക്ക് തഹസിൽദാറും അനുമതി നൽകിയതിൽ വൻ അഴിമതി നടന്നതായി വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
അതീവ പരിസ്ഥിതി ദുർബല പ്രദേശമാണ് പനവല്ലി. ഈ എസ്റ്റേറ്റിെൻറ താഴ്വാരത്തുനിന്ന് ഉത്ഭവിക്കുന്ന അരുവി കാളിന്ദിയിലാണ് ചേരുന്നത്. എസ്റ്റേറ്റിലെ മരംമുറി സമീപ ഗ്രാമങ്ങളിലെ കൃഷിയെയും കുടിവെള്ളത്തെയും വന്യജീവികളുടെ ജലലഭ്യതയെയും ബാധിക്കും. 2019ലെ വൻ പ്രളയകാലത്ത് കിലോമീറ്ററുകൾ നീളത്തിൽ കുന്നിൻചരിവ് പിളർന്ന് ഭൂമി താഴ്ന്നത് ഈ എസ്റ്റേറ്റിന് അടുത്താണ്.
സമീപത്തെ എസ്റ്റേറ്റിലെ മരം മുറിക്കാൻ നൽകിയ അപേക്ഷ അഞ്ചു വർഷം മുമ്പ് അന്നത്തെ നോർത്ത് വയനാട് ഡി.എഫ്.ഒ ഷാനവാസ് തള്ളിയിരുന്നു. ഉടമകൾ ഹൈകോടതിയെ സമീപിച്ചെങ്കിലും കേസ് തള്ളി. മറ്റൊരു എസ്റ്റേറ്റായ ബ്രന്മഗിരി -ബിയിൽ മരംമുറിക്കാനുള്ള നീക്കം ഒരു വർഷം മുമ്പ് വനം ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. ഇപ്പോൾ അതിവേഗത്തിൽ മരം മുറിക്കാൻ അനുമതി നൽകിയത് ദുരൂഹമാണെന്ന് പ്രകൃതിസംരക്ഷണ സമിതി പ്രസിഡൻറ് എൻ. ബാദുഷ പറഞ്ഞു.
കോഫി ബോർഡ് ഉദ്യോഗസ്ഥർക്ക് കാപ്പി എസ്റ്റേറ്റിലെ മരംമുറിക്ക് അനുമതി നൽകാൻ അധികാരമില്ല. തണൽ ക്രമീകരിക്കാൻ ശിഖരങ്ങൾ നീക്കംചെയ്യാൻ ശിപാർശ നൽകാൻ മാത്രമേ അധികാരമുള്ളൂ.
നിയമവിരുദ്ധ മരംമുറി അവസാനിപ്പിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. സി.പി.ഐ തിരുനെല്ലി ലോക്കൽ കമ്മിറ്റിയും വനം മന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.