11 May, 2021 08:22:30 PM
1000 ഓക്സിജൻ കിടക്കകളുമായി അമ്പലമുകളില്‍ താത്കാലിക ചികിത്സാകേന്ദ്രം ഒരുങ്ങുന്നു
കൊച്ചി: കോവിഡ് ചികിത്സയ്ക്കായി അമ്പലമുഗൾ റിഫൈനറി സ്കൂളിൽ തയാറാക്കുന്ന താത്കാലിക ചികിത്സ കേന്ദ്രത്തിന്റെ പ്രവർത്തനം വ്യാഴാഴ്ച്ചയോടെ ആരംഭിക്കാൻ സാധിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. 1000 ഓക്സിജൻ കിടക്കകൾ ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ബി.പി.സി.എൽന്റെ സഹകരണത്തോടെ ഇവിടെ പുരോഗമിക്കുന്നത്.
വിഭാവനം ചെയ്യുന്നപോലെ ഈ ചികിത്സ കേന്ദ്രം സജ്ജമായാൽ രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള ചികിത്സാ കേന്ദ്രമായി ഇത് മാറുമെന്നും ജില്ലാ കളക്ടർ എസ്. സുഹാസ് അഭിപ്രായപ്പെട്ടു. ഇവിടേക്ക് ആവശ്യമായ നഴ്സുമാർ , ഡോക്ടർമാർ എന്നിവർക്കായുള്ള ആദ്യഘട്ട അഭിമുഖം പൂർത്തിയായതായി ജില്ലാ ആരോഗ്യ ദൗത്യം പ്രോഗ്രാം മനേജർ അറിയിച്ചു.
കോവിഡ് ചികിത്സയ്ക്കായി സർക്കാർ ചെലവിൽ സജ്ജമാക്കുന്ന കിടക്കകളുടെ നടത്തിപ്പ് ചുമതല പ്രധാന ആശുപത്രികൾക്ക് നൽകും. സർക്കാർ സംവിധാനം വഴിയായിരിക്കും ഈ കിടക്കകൾ അനുവദിക്കുന്നത്. ഇവിടങ്ങളിൽ കാരുണ്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് കീഴിലുള്ളവർക്കും ചികിത്സ ഉറപ്പാക്കും. താത്കാലിക ചികിത്സാ കേന്ദ്രത്തിന്റെ നിർമാണ പുരോഗതി വിലയിരുത്താൻ ചേർന്ന ഓൺലൈൻ യാഗത്തിൽ ബി.പി.സി.എൽ ചീഫ് മാനേജർ കുര്യൻ ആലപ്പാട്ട്, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.