08 May, 2021 10:08:29 AM
23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്ക് ആശുപത്രി ഈടാക്കിയത് 24,760 രൂപ; വിവാദമായതോടെ പണം തിരികെ നല്‍കി
കൊച്ചി:എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ 23 മണിക്കൂര്‍ കൊവിഡ് ചികിത്സയ്ക്കായി വീട്ടമ്മയ്ക്ക് നല്‍കേണ്ടിവന്നത് 24,760 രൂപ. ചിറ്റൂര്‍ വടുതല സ്വദേശി സബീന സാജു എന്ന വീട്ടമ്മയില്‍ നിന്നുമാണ് ആലുവ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി ഇത്രയും അധികം തുക ഈടാക്കിയത്. ആശുപത്രിയിലെ അമിത ബില്ലിനെതിരെ വീട്ടമ്മ എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. സംഭവം വാര്‍ത്തയായതോടെ ഇന്നലെ രാത്രി മുഴുവന്‍ പണവും തിരികെ നല്‍കി വീട്ടമ്മയെ പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ആശുപത്രി മാനേജ്‌മെന്റ് ശ്രമം തുടങ്ങി.
കഴിഞ്ഞ പതിനെട്ടാം തീയതിയാണ് സബീന സാജു എന്ന വീട്ടമ്മയ്ക്ക് കൊവിഡ് പോസിറ്റീവ് ആയത്. ഇതേ തുടര്‍ന്ന് സര്‍ക്കാരിന്റെ പട്ടികയിലുള്ള ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശനം നേടി. ആദ്യം അമ്പതിനായിരം ആശുപത്രിയുടെ അക്കൗണ്ടില്‍ അടച്ചതോടെ ആണ് രോഗിയെ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ആശുപത്രിയിലെത്തി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഡോക്ടര്‍മാരോ നഴ്‌സുമാരോ മുറിയിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന് സബീന പറയുന്നു. ആകെ നല്‍കിയത് ഡോളോ എന്ന ഒരു ഗുളികയും.
രാത്രിയില്‍ ആശുപത്രിയില്‍ നിന്ന് കഞ്ഞി നല്‍കി. പിറ്റേദിവസം ഉച്ചയായിട്ടും ഡോക്ടര്‍മാര്‍ എത്താതായതോടെ ബന്ധുക്കളെ വിവരം അറിയിച്ചു. ഇതോടെ ബന്ധുക്കൾ മറ്റൊരു ആശുപത്രിയിലേക്ക് സബീനയെ മാറ്റി. ഇതിനിടെ അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി നല്‍കിയ ബില്ലു കണ്ട് സബീനയും കുടുംബം ഞെട്ടി. 23 മണിക്കൂര്‍ ചികിത്സ നല്‍കിയതിന് ആശുപത്രിയുടെ ബില്ല് 24,760 രൂപ. പി പി കിറ്റിനു മാത്രം 10416 രൂപയാണ് ഈടാക്കിയിരുന്നത്. ഒരു ദിവസത്തെ ഭക്ഷണത്തിന് ആവട്ടെ 1380 രൂപയും. ഒരു ഡോളോയ്ക്ക് 24 രൂപയാണ് ഈടാക്കിയിരിക്കുന്നത്.
ആശുപത്രിയുടെ ഈ പകല്‍കൊള്ളയെ കുറിച്ച് പ്രതികരണം തേടാന്‍ എത്തിയ മാധ്യമത്തോട് വീട്ടമ്മയുടെ പരാതിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു ആശുപത്രി മാനേജ്‌മെന്റിന്റെ പ്രതികരണം. എന്നാല്‍ വീട്ടമ്മ പൊലീസില്‍ പരാതി നല്‍കി എന്ന് മനസിലാക്കിയതോടെ ഇന്നലെ രാത്രി 10. 15 ഓടെ വീട്ടമ്മയുടെ അക്കൗണ്ടിലേക്ക് ആശുപത്രി അധികൃതര്‍ മുഴുവന്‍ പണവും തിരികെ നിക്ഷേപിക്കുകയായിരുന്നു.