28 April, 2021 08:31:38 PM
സർക്കാർ നിർദേശങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ആശുപത്രികൾ: കൊച്ചിയിൽ രോഗികൾ പരക്കംപായുന്നു
കൊച്ചി: എറണാകുളം ജില്ലയിൽ വെന്റിലേറ്റർ സൗകര്യമുള്ള കിടക്കകളുടെ ദൗർലഭ്യം രൂക്ഷമായതോടെ രോഗികളുമായി ബന്ധുക്കളുടെ നെട്ടോട്ടം. കിടക്കകൾ ഒഴിവുള്ള ആശുപത്രി ഏതാണെന്ന് അറിയാൻ സംവിധാനമില്ലാത്തതും രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ താമസമുണ്ടാക്കുന്നുണ്ട്. മിക്ക ആശുപത്രികളിലും വെന്റിലേറ്റർ സംവിധാനമുണ്ടെങ്കിലും ഐസലേഷനിലുള്ള വെന്റിലേറ്റർ സംവിധാനം ഇല്ലെന്നാണ് ആശുപത്രികൾ പറയുന്നത്. ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ ഇടപെട്ടിട്ടും കിടക്ക കിട്ടാതെ ആളുകൾ മരിക്കുന്ന സാഹചര്യവുമുണ്ട്.
കോവിഡ് ബാധിതനായി എംഎജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തോപ്പുംപടി സ്വദേശിയും കെഎസ്ഇബി ജീവനക്കാരനുമായ ഇ.ജെ.യേശുദാസ് രാവിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് വെന്റിലേറ്റർ സംവിധാനമുള്ള കിടക്ക ലഭ്യമാകാൻ വൈകിയതാണെന്നു ബന്ധുക്കൾ പറയുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്റിലേറ്റർ സംവിധാനമുള്ള ആശുപത്രിയിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായി. ഇയാൾക്കായി കൗൺസിലർ മുതൽ യൂണിയൻ നേതാക്കളും ഹൈബി ഈഡൻ എംപിയും ഉൾപ്പെടെ ഇടപെട്ടിട്ടും കിടക്ക കിട്ടിയില്ല.
കോവിഡ് വ്യാപനം രൂക്ഷമായതോടെ കൊച്ചിയിൽ ഗുരുതരാവസ്ഥയിലുള്ള കോവിഡ് പോസിറ്റീവ് രോഗികളെ പ്രവേശിപ്പിക്കാൻ കിടക്കകൾ ഒഴിവില്ലാത്ത സാഹചര്യമാണ്. സ്വകാര്യ ആശുപത്രികൾ 25 ശതമാനം കിടക്കകൾ കോവിഡ് പോസിറ്റീവായവർക്കായി മാറ്റിവയ്ക്കണമെന്നു നിർദേശമുണ്ടായിട്ടും നടപ്പാക്കിയിട്ടില്ല. ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ നിർദേശിച്ച തുകയിൽ കൂടരുത് എന്ന നിർദേശവും പാലിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കളമശേരി മെഡിക്കൽ കോളജ് ആശുപത്രി പൂർണമായും കോവിഡ് ആശുപത്രി ആക്കുമെന്നും മൂന്നു ദിവസത്തിനുള്ളിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ പ്രഖ്യാപിച്ചിരുന്നെങ്കിലും കളമശേരിലിയുള്ള കോവിഡ് രോഗികളെ പോലും ഇവിടെ പ്രവേശിപ്പിക്കുന്നില്ലെന്ന് പരാതി. സമീപ പ്രദേശത്തുള്ള 40 വയസ്സുകാരന് കോവിഡ് ബാധിച്ച് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സിച്ചില്ല.