26 April, 2021 02:53:37 PM
എറണാകുളത്ത് കര്‍ശനനിയന്ത്രണം: സ്വകാര്യബസ് പിടിച്ചെടുത്തു; വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ കേസ്
കൊച്ചി: കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ എറണാകുളത്ത് നിയന്ത്രണം കടുപ്പിച്ച് പൊലീസ്. സിറ്റി, റൂറൽ ലിമിറ്റുകളിൽ പൊലീസ് പരിശോധന കർശനമാക്കി. നിർദേശം ലംഘിച്ച വ്യാപാര സ്ഥാപനങ്ങൾ, സ്വകാര്യ ബസുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിച്ചു. വരുന്ന ഏഴ് ദിവസവും നിയന്ത്രണം കർശനമായി തുടരുമെന്ന് ജില്ലാ ഭരണകൂടവും പൊലീസും വ്യക്തമാക്കി.
ജില്ലയിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.77 ശതമാനമായി ഉയർന്നതോടെയാണ് ജില്ലാ ഭരണകൂടവും, പൊലീസും നിയന്ത്രണം ശക്തമാക്കിയത്. രാവിലെ മുതൽ നഗരമേഖലകളിലും, റൂറൽ ലിമിറ്റിലും പരിശോധന കർശനമാണ്. യാത്രക്കാരെ നിർത്തി സർവീസ് നടത്തിയ സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്ത് പിഴയിടാക്കി. എറണാകുളത്ത് നിയമങ്ങൾ ലംഘിച്ച് ക്ലാസ് നടത്തിയിരുന്ന എയർഹോസ്റ്റസ് സ്ഥാപനത്തിന്റെ ഉടമയ്ക്കും അധ്യാപകർക്കുമെതിരെ കേസെടുത്തു. റൂറൽ ലിമിറ്റിൽ റൂറൽ എസ്പി കാർത്തിക് ഐപിഎസിന്റെ നേതൃത്വത്തിൽ ടൗണിൽ പരിശോധന കർശനമാക്കി. ഇതരസംസ്ഥാന തൊഴിലാളി മേഖലകളിലടക്കം നിരീക്ഷണം ശക്തമാക്കിയതായി എസ്പി അറിയിച്ചു.
അതേസമയം എറണാകുളം ജില്ലയിൽ വാക്‌സിൻ ക്ഷാമം രൂക്ഷമായി തുടരുകയാണ്. ഇരുപതിനായിരം ഡോസ് വാക്‌സിൻ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടെ ജില്ലയിൽ 1022 ആശുപത്രി കിടക്കകൾ കൊവിഡ് പോസിറ്റീവായ രോഗികൾക്കായി മാറ്റി. 3623 ഓക്‌സിജൻ കിടക്കകളും ജില്ലയിൽ സജ്ജമാണ്. 314 ഇൻവസീവ് വെന്റിലേറ്ററും 146 നോൺ ഇൻവസീവ് വെന്റിലേറ്റർ സൗകര്യവും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്.
കോവിഡ് മാനേജ്മെന്‍റ് 24x7 ഹെൽപ്പ് ലൈൻ നമ്പറുകൾ
മെഡിക്കൽ കൺട്രോൾ റൂം
0484 2368702
0484 2368802
0484 2368902
അതിഥി കൺട്രോൾ റൂം
9072303275
9072303276
വാട്ട്സ് ആപ്പ് നമ്പർ
9400021077