25 April, 2021 10:22:07 PM
എറണാകുളം ജില്ലയിൽ നിയന്ത്രണങ്ങൾ കര്‍ശനമാക്കി; 30 കണ്ടയ്ന്‍മെന്‍റ് സോണുകള്‍കൂടി
കൊച്ചി: ജില്ലയിൽ 4468 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്‍റെയടിസ്ഥാനത്തിൽ ഇന്ന് 30 പ്രദേശങ്ങളെ കൂടി കണ്ടെയ്ൻമെന്‍റ് സോണുകളായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. ജില്ലയിൽ 1002 പേർ രോഗമുക്തി നേടിയതിന്‍റെ അടിസ്ഥാനത്തിൽ 21 പ്രദേശങ്ങളെ കണ്ടെയ്ൻമെന്‍റ് സോണിൽ നിന്നൊഴിവാക്കി.
ജില്ലയിലെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. നിയന്ത്രണങ്ങള്‍ ചുവടെ.
1) ജില്ലയിലെ കടകൾ അടക്കമുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാവിലെ ഏഴ് മുതൽ വൈകിട്ട് 5 മണിവരെ മാത്രമേ പ്രവർത്തിക്കാവൂ.
2) ഹോട്ടലുകളും റസ്റ്റോറന്‍റുകളും രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ, ടേക്ക് എവേ സൗകര്യങ്ങൾ മാത്രമായി പരിമിതപ്പെടുത്തണം. ഇൻ ഡൈനിങ് അനുവദനീയമല്ല.
3) വിവാഹങ്ങൾ, മരണാനന്തര ചടങ്ങുകൾ തുടങ്ങിയവ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹങ്ങളിൽ പരമാവധി 30 പേരും മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേരും മാത്രമേ പങ്കെടുക്കാവൂ.
4) കുടുംബയോഗങ്ങൾ തുടങ്ങിയ ഒരു തരത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കുന്നതല്ല.
5) അമ്യൂസ്മെൻറ് പാർക്കുകൾ, എന്റർടെയ്ൻമെന്റ് പാർക്കുകൾ, ക്ലബ്ബുകൾ എന്നിവയുടെ പ്രവർത്തനം ജില്ലയിൽ നിർത്തി വയ്ക്കേണ്ടതാണ്.
6) ജിംനേഷ്യം, സമ്പർക്കം ഉണ്ടാക്കുന്ന കായികവിനോദങ്ങൾ, ടീം സ്പോർട്സ്, ടൂർണമെൻറുകൾ എന്നിവ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിക്കുന്നു.
7) തിയറ്റർ ഉടമകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ജില്ലയിലെ തീയേറ്ററുകൾ മേയ് രണ്ടു വരെ പ്രവർത്തിക്കാൻ പാടില്ല. കൂടാതെ സിനിമ ചിത്രീകരണങ്ങളും അടിയന്തരമായി നിർത്തണം.
8) എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ ഒഴികെ മറ്റ് എല്ലാ പരീക്ഷകളും മാറ്റി വയ്ക്കണം. ട്യൂഷൻ സെൻററുകൾ ഓൺലൈൻ മാധ്യമത്തിലൂടെ മാത്രം പ്രവർത്തിക്കേണ്ടതാണ്.
9) സർക്കാർ വകുപ്പുകൾ, സംഘടനകൾ, പ്രൈവറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള എല്ലാ മീറ്റിംഗുകളും പരിശീലന പരിപാടികളും ഓൺലൈനായി മാത്രം നടത്തേണ്ടതാണ്.
10) മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവയെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പൊതു ഗതാഗതത്തിനും തടസമില്ല.