28 March, 2021 11:04:04 AM
സിഗ്നൽ കേബിൾ മുറിച്ച റെയിൽവേ ജീവനക്കാർ അറസ്റ്റിൽ
കോഴിക്കോട്: റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ച ജീവനക്കാര്‍ അറസ്റ്റില്‍. ഫറോക്ക് സ്റ്റേഷനിലെ സിഗ്നല്‍ വിഭാഗത്തിലെ ജീവനക്കാരായ കക്കോടി സ്വദേശി പ്രവീണ്‍ രാജ്, സുല്‍ത്താന്‍ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ചയാണ് സംഭവം. മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ഫറോക്കിനും വെള്ളയിലിനുമിടയില്‍ റെയില്‍വേ ട്രാക്കില്‍ അഞ്ചിടത്തെ സിഗ്നല്‍ ബോക്സിലെ വയറുകളാണ് ഇവര്‍ മുറിച്ചത്.
സിഗ്നല്‍ പ്രവര്‍ത്തിക്കാതിരുന്നതിനെ തുടര്‍ന്ന് ട്രെയിനുകള്‍ മണിക്കൂറുകളോളും പിടിച്ചിടേണ്ടി വന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാര്‍ തന്നെയാണ് പ്രതികളെന്ന് മനസിലായത്. അറസ്റ്റ് ചെയ്ത പ്രതികളെ റെയില്‍വേ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തു.