11 March, 2021 03:51:38 AM
മാവോയിസ്‌റ്റ് വേല്‍മുരുകന്റെ ശരീരത്തില്‍ തുളച്ചു കയറിയത് 44 വെടിയുണ്ടകൾ ; അവയവങ്ങളെല്ലാം തകര്‍ന്നു
കല്‍പ്പറ്റ: കഴിഞ്ഞവര്‍ഷം പോലീസ് വെടിവയ്‌പില്‍ കൊല്ലപ്പെട്ട മാവോയിസ്‌റ്റ് നേതാവ് വേല്‍മുരുകന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത് 44 മുറിവുകളെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. 44 മുറിവുകളും വെടിയേറ്റതു മൂലമുണ്ടായവ. നാലു വെടിയുണ്ടകളൊഴികെ എല്ലാം ശരീരം തുളച്ചുകടന്നുപോയി. വൃഷണം അടക്കം അവയവങ്ങളെല്ലാം വെടിയേറ്റു തകര്‍ന്നു. കഴുത്തിനും നാഭിക്കും ഇടയിലുള്ള ഭാഗത്താണു കൂടുതല്‍ വെടിയേറ്റതെന്നും ബന്ധുക്കള്‍ക്കു ലഭിച്ച പോസ്‌റ്റ്‌മോര്‍ട്ടത്തിന്റെ വിശദാംശങ്ങള്‍ വ്യക്‌തമാക്കുന്നു.
കൊലപാതകം നടന്നു നാലുമാസത്തിനുശേഷമാണു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ബന്ധുക്കള്‍ക്കു ലഭിച്ചത്. 2020 നവംബര്‍ മൂന്നിനാണ് ബാണാസുര മക്കിമല വനമേഖലയില്‍ പോലീസിന്റെ വെടിയേറ്റു തേനി സ്വദേശിയായ മാവോയിസ്‌റ്റ് നേതാവ് വേല്‍മുരുകന്‍ മരിച്ചത്. പതിവുപോലെ വനത്തില്‍ തെരച്ചില്‍ നടത്തിക്കൊണ്ടിരുന്ന പോലീസ് സംഘത്തിനുനേരേ മാവോയിസ്‌റ്റുകള്‍ വെടിവച്ചപ്പോള്‍ ആത്മരക്ഷാര്‍ത്ഥം തിരിച്ചുവെടിവയ്‌ക്കുകയായിരുന്നുവെന്ന പോലീസിന്റെ വാദത്തിന്റെ മുനയൊടിക്കുന്നതാണു വിശദാംശങ്ങള്‍.
ആന്തരിക അവയവങ്ങളെല്ലാം വെടിയേറ്റു തകര്‍ന്നു. ശരീരത്തില്‍നിന്നു നാലു വെടിയുണ്ട കിട്ടി. രണ്ടുകാലിന്റെയും എല്ലുകള്‍ ഒടിഞ്ഞു. ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണം ദഹിച്ചിരുന്നില്ലെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തുടയെല്ലുകള്‍ രണ്ടും തകര്‍ന്നതു വെടിയേറ്റല്ലെന്നും മരണശേഷമാണ് അങ്ങനെ സംഭവിച്ചതെന്നും പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.
വേല്‍മുരുകന്റെ മൃതശരീരത്തില്‍ പോലീസുകാര്‍ ക്രൂരമായ അക്രമണം നടത്തിയെന്നതിനു തെളിവാണിതെന്നു ജനകീയമനുഷ്യാവകാശപ്രസ്‌ഥാനം സെക്രട്ടറി സി.പി. റഷീദ് ആരോപിച്ചു. ഭക്ഷണം ദഹിച്ചിരുന്നില്ല എന്ന വസ്‌തുത, മാവോയിസ്‌റ്റുകള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴോ ഭക്ഷണം കഴിച്ച ഉടനെയോ പോലീസുകാര്‍ ഏകപക്ഷീയമായി അവര്‍ക്കു നേരേ വെടിയുതിര്‍ത്തതാണ് എന്നു ബോധ്യപ്പെടുത്തുന്നതാണെന്നും സി.പി. റഷീദ് ചൂണ്ടിക്കാട്ടുന്നു. വേല്‍മുരുകനെ വ്യാജ ഏറ്റുമുട്ടലിലൂടെ പോലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നു നേരത്തെതന്നെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചിരുന്നു.