09 March, 2021 06:22:15 AM
വൈത്തിരിയിൽ വർക്ക്ഷോപ്പിൽ അഗ്നിബാധ: മൂന്നു വാഹനങ്ങൾ കത്തിനശിച്ചു
കല്പറ്റ: വൈത്തിരി പന്ത്രണ്ടാം പാലത്തിനടുത്തുള്ള വാഹന വർക്ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ രണ്ട് വാഹനങ്ങൾ പൂർണ്ണമായും ഒരെണ്ണം ഭാഗികമായും കത്തിനശിച്ചു. മേപ്പാടി സ്വദേശിയുടെ സ്‌കോർപ്പിയോ കാർ നന്നാക്കുന്നതിനിടെയാണ് തീ പടർന്നത്.
ഈ സമയം വാഹാനത്തിനടിയിലും ജീവനക്കാരുണ്ടായിരുന്നു. ഇവർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തീ തൊട്ടടുത്ത് നിർത്തിയിട്ട ജീവനക്കാരന്‍റെ സ്‌കൂട്ടറിലേക്ക് പടർന്നു. സ്കൂട്ടർ പൂർണമായും കത്തി. അതിന് സമീപം നിർത്തിയിട്ട ആൾട്ടോ കാറാണ് ഭാഗികമായി കത്തിനശിച്ചത്. ഈങ്ങാപ്പുഴ സ്വദേശിയുടേതാണ് ഈ കാർ.
വർക്ഷോപ്പിലെ ഉപകരണങ്ങളും കത്തിനശിച്ചവയിൽപെടും. സ്റ്റേഷൻ ഓഫിസർ ടി.പി. ജോമി, ലീഡിങ് ഫയർ ഓഫിസർ രാമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൽപറ്റയിൽ നിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. എസ്.ഐ ഇൻ ചാർജ് കെ. ദേവിയുടെ നേതൃത്വത്തിൽ വൈത്തിരി പൊലീസും സ്ഥലത്തെത്തി. വൈത്തിരി സ്വദേശി സാജു വർഗീസിേന്റതാണ് വർക്ഷോപ്പ്.