05 March, 2021 10:30:27 AM


വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതി; നേതാവിന് നഷ്ടം 25,000 രൂപ



കൊച്ചി : വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ അനാവശ്യമായി ഹര്‍ജി നല്‍കിയതിന് കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനോട് കോടതിച്ചെലവായി 25,000 രൂപ നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എറണാകുളത്തെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്മിത ജോസിനെതിരെ പരാതി നല്‍കിയ ജോണ്‍സണ്‍ പടമാടനോടാണ് ഹൈക്കോടതി കോടതിച്ചെലവു നല്‍കാന്‍ നിര്‍ദ്ദേശിച്ചത്.


ഒരു മാസത്തിനകം തുക സ്മിത ജോസിന് കൈമാറിയില്ലെങ്കില്‍ പണം ഈടാക്കി നല്‍കാന്‍ ജില്ലാ കളക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സ്മിത ജോസ് 2014 ല്‍ മട്ടാഞ്ചേരിയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരിക്കെ വാഹന പരിശോധന നടത്തുന്നതിനിടെ പണവും രസീതുകളും മോഷണം പോയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ജോണ്‍സണ്‍ ഹൈക്കോടതിയെ സമീപിച്ചത്. 4.45 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെങ്കിലും 21,000 രൂപയാണ് നഷ്ടപ്പെട്ടതെന്ന് കാണിച്ച്‌ ഈ ചെറിയ തുക കെട്ടിവച്ച്‌ ബാദ്ധ്യതയില്‍ നിന്നൊഴിവായെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു. ഡ്യൂട്ടി സമയം കഴിഞ്ഞാണ് പരിശോധന നടത്തിയതെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.


എന്നാല്‍ മുഴുവന്‍ സമയ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് പ്രത്യേക ഡ്യൂട്ടി സമയമില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ഹര്‍ജിക്കാരന്‍റെ സംഘടനയുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങാത്തതിലുള്ള പ്രതികാരമായാണ് തനിക്കെതിരെ ഹര്‍ജി നല്‍കിയതെന്ന് സ്മിത ജോസ് വാദിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതികാര നടപടിയുടെ ഭാഗമായി ആരോപണം ഉന്നയിക്കുന്നത് പതിവാണെന്ന് ചൂണ്ടിക്കാട്ടിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമാനമായ മറ്റൊരു കേസില്‍ അഞ്ച് ലക്ഷം രൂപ കോടതിച്ചെലവു നല്‍കാന്‍ സംഘടനാ ഭാരവാഹിയെ ശിക്ഷിച്ചതും ശ്രദ്ധയില്‍പെടുത്തി.


പൊതുതാല്പര്യം എന്ന പേരില്‍ വ്യാജ പരാതികള്‍ വര്‍ദ്ധിച്ചു വരികയാണെന്നും അത്തരം കേസുകള്‍ക്ക് ഉദാഹരണമാണ് ഈ ഹര്‍ജിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്നാണ് കോടതിച്ചെലവു നല്‍കാന്‍ നിര്‍ദ്ദേശിച്ച്‌ ഹര്‍ജി തള്ളിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K