24 May, 2016 09:22:11 PM
പെണ്‍കരുത്തിന്റെ പ്രതീകം : ട്രക്കിന്‍റെ വളയം പിടിച്ച് യോഗിത കേരളത്തിലുമെത്തി
പാലക്കാട്: പെണ്‍കരുത്തിന്റെ പ്രതീകമായി മഹാരാഷ്ട്രക്കാരി യോഗിത രഘുവംശി. ജീവിക്കാനായി അഭിഭാഷവൃത്തി ഉപേക്ഷിച്ച് വളയം പിടിക്കാനിറങ്ങി ചരിത്രത്തില്‍ ഇടംനേടിയ ധീരവനിത ആയിരക്കണക്കിന് കിലോമീറ്റര്‍ താണ്ടി ആയിരം കെയ്‌സ് മദ്യവുമായി കഴിഞ്ഞ ദിവസം പാലക്കാട്ടും എത്തി. രാജ്യത്തെ ആദ്യത്തെ വനിതാ ട്രക്ക് ഡ്രൈവര്‍ എന്ന വിശേഷണത്തിന് ഉടമയായ 44കാരി യോഗിത മധ്യപ്രദേശില്‍നിന്ന് അഞ്ചുദിവസംകൊണ്ടാണ് ബിയര്‍കയറ്റിയ ലോറിയോടിച്ച് ഇവിടെ എത്തിയത്.
ആണുങ്ങളുടെ മേഖല എന്ന് വിലയിരുത്തപ്പെടുന്ന ഡ്രൈവിംഗ് തങ്ങള്‍ക്കും അനായാസമായി സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് പതിനാല് ടയറുള്ള ട്രക്ക് ഓടിച്ച് പാലക്കാട് എത്തിയ യോഗിത. ഭര്‍ത്താവിന്റെ അപകട മരണത്തെ തുടര്‍ന്ന് രണ്ടായിരത്തിലാണ് യോഗിത ഡ്രൈവിംഗ് രംഗത്തേക്ക് വരുന്നത്. ജീവിക്കാന്‍വേണ്ടി വളയംപിടിച്ച ഇവര്‍ സമൂഹത്തില്‍നിന്നുള്ള വലിയ എതിര്‍പ്പുകളെ ധീരതയോടെ അതിജീവിച്ചാണ് പതിനാറുവര്‍ഷമായിജോലി തുടരുന്നത്. യു.പിയില്‍ പിറന്ന് മഹാരാഷ്ട്രയില്‍ വളര്‍ന്ന യോഗിതയ്ക്ക് കൊമേഴ്‌സിലും നിയമത്തിലും ബിരുദമുണ്ട്. മഹാരാഷ്ട്രയിലെ നന്ദുര്‍ബറില്‍ താമസിച്ചിരുന്ന യോഗിതയെ ഭോപ്പാലിലേക്കാണ് വിവാഹം കഴിച്ചു കൊണ്ടുവന്നത്.
ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് രണ്ട് മക്കളെ പോറ്റാന്‍ അഭിഭാഷകവൃത്തി മതിയാകില്ലെന്ന് വ്യക്തമായതോടെയാണ് വര്‍ ഡ്രൈവിംഗ് തെരഞ്ഞെടുത്തത്. ഭര്‍ത്താവിന്റെ അമ്മയുമായി സ്വത്തിനുവേണ്ടി കോടതി കയറിയെങ്കിലും ഗുണമുണ്ടായില്ല. തുടര്‍ന്ന് രണ്ടു കുട്ടികളെ വളര്‍ത്തിയെടുക്കാനും പഠിപ്പിക്കാനും പെട്ടെന്ന് കൂലികിട്ടുന്ന ഈ ജോലി ഏറ്റെടുക്കുകയായിരുന്നു. ഇപ്പോള്‍ രണ്ടു മക്കളും മികച്ച വിദ്യാഭ്യാസം നേടിക്കഴിഞ്ഞു. ദക്ഷിണേന്ത്യയിലേക്കായതു കൊണ്ടാണ് താന്‍ ഇത്ര ധൈര്യത്തില്‍ ഒറ്റയ്ക്കു വണ്ടി ഓടിച്ചുവന്നതെന്നും ഉത്തരേന്ത്യയില്‍ ഇത് സാധ്യമാവില്ലെന്നും യോഗിത രഘുവംശി പറയുന്നു.
മക്കള്‍ രണ്ടു പേരും ഇപ്പോള്‍ മുതിര്‍ന്നു. മകള്‍ യാഷിക എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കി. മകന്‍ യശ്വിന്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ഇനിയും ഈ ജോലി തുടരണമെന്ന ആഗ്രഹത്തിലാണ് യോഗിത. ജീവിതത്തെ സധൈര്യം നേരിടുന്ന യോഗിതയ്ക്ക് ട്രക്ക് സമ്മാനമായി നല്‍കി മഹീന്ദ്ര കമ്പനി ആദരിച്ചിരുന്നു. ആദ്യ കാലത്ത് പരിഹാസവും കുത്തുവാക്കുകളും ഏറെ കേള്‍ക്കേണ്ടി വന്നെങ്കിലും ഇപ്പോള്‍ ഈ ജോലി താന്‍ ഏറെ ഇഷ്ടപ്പെടുന്നതായി യോഗിത പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പച്ചക്കറിയും ധാന്യവും ബിവറേജും ഉള്‍പ്പെടെ കയറ്റിയ ചരക്കുവണ്ടിയുമായി പായുന്നു.
സി.സുരേഷ് കുമാര്‍