11 February, 2021 08:13:17 PM
കടകള്‍ തുറക്കാന്‍ നെഗറ്റീവ് സർട്ടിഫിക്കറ്റ്; ഞായറാഴ്ച പാണത്തൂരില്‍ ലോക്ഡൗണ്‍
കാസര്‍ഗോഡ്: കോവിഡ് പശ്ചാത്തലത്തില്‍ പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ ടൗണില്‍ ഏര്‍പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോടെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ഓടോ, ടാക്സി ഓടിക്കാനും അനുമതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അറിയിച്ചു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റില്ലാതെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. 15-നകം സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിരിക്കണം. ഞായറാഴ്ച പാണത്തൂര്‍ ടൗണില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും.
പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലെ വ്യാപാരികളും ഫെബ്രുവരി 20-നകം കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സെര്‍ടിഫികറ്റ് വാങ്ങണമെന്നും ഓടോ - ടാക്സി, ചുമട്ടു തൊഴിലാളികള്‍ എന്നിവരും പരിശോധനയ്ക്ക് വിധേയരാകണമെന്നും പഞ്ചായത്ത് കോറോണ കോര്‍കമിറ്റി യോഗം അറിയിച്ചു. വിവാഹ, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകള്‍ക്ക് വാര്‍ഡ് ജാഗ്രതാ സമതികളുടെ അറിവോട് കൂടി മാത്രമേ അനുമതി നല്‍കുകയുള്ളൂ. അതിഥി തൊഴിലാളികളുടെ സങ്കേതങ്ങളില്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്താനും യോഗം തീരുമാനിച്ചു.