07 February, 2021 02:14:54 PM
ധര്‍മ്മജന് പിണറായിക്കെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോ? ; ചോദ്യം കോണ്‍ഗ്രസുകാരുടേത്
കോഴിക്കോട്: 'നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്ക് ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിക്കാന്‍ ധൈര്യമുണ്ടോ? ബാലുശ്ശേരിയിലെ ദളിത് കോണ്‍ഗ്രസുകാരുടെ സീറ്റ് തട്ടിയെടുക്കുകയല്ല വേണ്ടത്.' പറയുന്നത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്, ദളിത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന നേതാക്കള്‍.
ധര്‍മ്മജന്‍ ധര്‍മ്മടം ചലഞ്ച് ഏറ്റെടുക്കുമോയെന്നാണ് ദളിത് കോണ്‍ഗ്രസിന്റെ ചോദ്യം. ധര്‍മ്മജന്‍റെ സ്ഥാനാര്‍ഥിത്വത്തിന് എതിരെ ദളിത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ബാലുശ്ശേയിലെ കണ്‍വെന്‍ഷനില്‍ ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതിന് പിന്നാലെ ഇന്നലെ ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും സമാന നിലപാടാണ് നേതൃത്വം സ്വീകരിച്ചത്.
ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ദളിത് കോണ്‍ഗ്രസിന്റെ എതിര്‍പ്പ് ശക്തമായതോടെ കോണ്‍ഗ്രസ് നേതൃത്വം ആശയക്കുഴപ്പത്തിലായി. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ അവഗണിച്ച് ധര്‍മ്മജനെ ബാലുശ്ശേരിയില്‍ സ്ഥാനാർത്ഥിയാക്കാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ദളിത് കോണ്‍ഗ്രസ്.
കെ പി സി സി നിര്‍വാഹക സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ദളിത് നേതാക്കള്‍ പങ്കെടുത്ത യോഗത്തിലായിരുന്നു ധര്‍മ്മജനെ ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ വെല്ലുവിളിച്ചത്. കോണ്‍ഗ്രസില്‍ സീറ്റ് വിഭജന ചര്‍ച്ചയും സ്ഥാനാർത്ഥി നിർണയ ചര്‍ച്ചകളും സജീവമായിരിക്കെയാണ് നേതൃത്വത്തിന് എതിരെ ദളിത് കോണ്‍ഗ്രസിന്റെ പടയൊരുക്കം. ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അര്‍ഹിച്ച പരിഗണന ലഭിക്കാതെ പിന്നോട്ടില്ലെന്ന് ജനറല്‍ സെക്രട്ടറി ഹരീഷ് കുന്ദമംഗലം പറഞ്ഞു.
ഏഴ് സീറ്റെങ്കിലും ആവശ്യപ്പെടാന്‍ ദളിത് കോണ്‍ഗ്രസ് സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. ഏഴ് സീറ്റ് ആവശ്യപ്പെട്ടാലേ അഞ്ച് സീറ്റെങ്കിലും ലഭിക്കുകയുള്ളൂവെന്നാണ് ദളിത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ബാലുശ്ശേരി മണ്ഡലം എൽ ഡി എഫിന് മേല്‍ക്കൈയുള്ള പ്രദേശമാണെങ്കിലും പണിയെടുത്താല്‍ വിജയിക്കാമെന്നാണ് ദളിത് കോണ്‍ഗ്രസ് നിലപാട്. ധര്‍മ്മജനെ ബാലുശ്ശേരി സീറ്റില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായിരുന്നു. പാര്‍ട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ധര്‍മ്മജനും വ്യക്തമാക്കിയിരുന്നു.
മുസ്ലീം ലീഗിന്റെ കൈവശമുണ്ടായിരുന്ന ബാലുശ്ശേരി സീറ്റ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കാനായിരുന്നു തീരുമാനം. ലീഗിന് പകരം കുന്ദമംഗലം നല്‍കാനും. ബാലുശ്ശേരി സീറ്റില്‍ ധര്‍മ്മജനെ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ ദളിത് കോണ്‍ഗ്രസ് രംഗത്ത് വന്നതോടെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.
മുസ്ലീം ലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി സ്ഥാനാര്‍ഥി ആയേക്കും. അഭ്യൂഹങ്ങള്‍ നില നില്‍ക്കുന്നതിനിടെ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ കഴിഞ്ഞ ദിവസം ധര്‍മ്മജന്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോണ്‍ഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുമായി ആശയവിനിമയം തുടരുന്നുമുണ്ട്. താന്‍ കോണ്‍ഗ്രസുകാരനാണെന്നും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ധര്‍മ്മജന്‍ ഒരു ചാനലിനോട് പറഞ്ഞു. 'എന്‍റെ പേര് വരാന്‍ സാധ്യതയുണ്ട്. വിവിധ മണ്ഡലങ്ങളില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്, ഉറപ്പ് കിട്ടിയിട്ടില്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരരംഗത്തുണ്ടാവും അത് തീര്‍ച്ചയാണ്.'- ധര്‍മ്മജന്‍ പറയുന്നു.
പതിറ്റാണ്ടുകളായി ഇടതുപക്ഷത്തോട് ചേര്‍ന്നുനില്‍ക്കുന്ന മണ്ഡലമാണ് ബാലുശ്ശേരി. സി പി എം സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടി 15,000ത്തിലധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ ജയിച്ചത്. ധര്‍മ്മജന്‍റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.