17 September, 2020 01:20:07 PM


ഓട്ടോയില്‍ കുഞ്ഞിന് ജന്മം നല്‍കി യുവതി; സഹായഹസ്തവുമായി കനിവ് 108 പ്രവര്‍ത്തകരും



കാസര്‍കോട്:  ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മറുനാടന്‍ തൊഴിലാളി കുടുംബത്തിലെ യുവതിക്ക് കനിവ് 108 ആംബുലന്‍സിന്‍റെ വൈദ്യസഹായത്തില്‍ ഓട്ടോറിക്ഷയില്‍ സുഖപ്രസവം. ഉത്തര്‍പ്രദേശ് സ്വദേശിയും പടന്നക്കാട് നിവാസിയുമായ മുഹമ്മദിന്‍റെ ഭാര്യ സറീന (24) ആണ് കഴിഞ്ഞ ദിവസം രാത്രി 9 മണിക്ക് ഓട്ടോറിക്ഷക്ക് ഉള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ഓട്ടോയില്‍ പോകുകയായിരുന്നു സറീനയും വീട്ടുകാരും.


ഐങ്ങോട്ട് എത്തിയപ്പോഴേക്കും ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് അവര്‍ മറ്റൊരു ഓട്ടോയ്ക്ക് കൈ കാണിച്ച് സഹായം തേടി. ഓട്ടോഡ്രൈവര്‍ ഉടന്‍ തന്നെ കനിവ് 108 ആംബുലന്‍സിന്‍റെ സേവനം തേടുകയായിരുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ എമര്‍ജന്‍സി റെസ്‌പോണ്‍സ് സെന്‍ററിലാണ് 9.20ഓടെ ഡ്രൈവറുടെ ഫോണ്‍ വിളി എത്തുന്നത്. അവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് കീഴില്‍ സേവനം നടത്തുന്ന കനിവ് 108 ആംബുലന്‍സിന് അത്യാഹിത സന്ദേശം കൈമാറിയതിനെ തുടര്‍ന്ന് എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ സിനി തോമസ്, പൈലറ്റ് മിഥുന്‍ എന്നിവര്‍ സ്ഥലത്തെത്തി.


സിനിയുടെ പരിശോധനയില്‍ സറീനയെ ഓട്ടോറിക്ഷയില്‍ നിന്ന് ആംബുലന്‍സിലേക്ക് മാറ്റാന്‍ കഴിയാത്ത സഹചര്യമാണെന്ന് മനസിലാക്കിയതിനെ തുടര്‍ന്ന് ഓട്ടോറിക്ഷക്ക് ഉള്ളില്‍ തന്നെ പ്രസവം എടുക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കുകയായിരുന്നു. 9.45 മണിക്ക് ഓട്ടോറിക്ഷയുടെ അകത്ത് സിനിയുടെ വൈദ്യസഹായത്തില്‍ സറീന കുഞ്ഞിന് ജന്മം നല്‍കി. പ്രഥമ ശുസ്രൂഷ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K