19 August, 2020 04:23:16 PM
മക്കളുടെ പഠനത്തിന് നാട്ടുകാര്‍ നല്‍കിയ മൊബൈല്‍ വിറ്റ് കള്ളുകുടിച്ച പിതാവ് അറസ്റ്റില്‍
കൊച്ചി: മദ്യപിക്കാന്‍ പണമില്ലാതെ വന്നതോടെ മക്കള്‍ ഓണ്‍ലൈന്‍ പഠനത്തിനായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ വിറ്റ് കാശാക്കിയ പിതാവ് അറസ്റ്റില്‍. അങ്കമാലി മൂക്കന്നൂര്‍ കാച്ചപ്പിള്ളി വീട്ടില്‍ സാബു (41)വാണ് അറസ്റ്റിലായത്. സ്മാര്‍ട്ട് ഫോണില്ലാത്തതിനാല്‍ പഠിക്കാന്‍ സൗകര്യമില്ലാതിരുന്ന ഇയാളുടെ കുട്ടികള്‍ക്ക് നാട്ടുകാര്‍ വാങ്ങി നല്‍കിയതാണ് മൊബൈല്‍ ഫോണ്‍. കഴിഞ്ഞ രാത്രി ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച സാബു ഫോണുമായി കടന്നു കളയുകയായിരുന്നു. ഫോണ്‍ വിറ്റ് കിട്ടിയ കാശുമായി അങ്കമാലിയിലെ കള്ളുഷാപ്പിലിരുന്നു മദ്യപിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്.
കുട്ടികള്‍ക്ക് പഠിക്കാനുപയോഗിക്കുന്ന ഫോണ്‍ വേണമെന്നാവശ്യപ്പെട്ടായിരുന്നു തിങ്കളാഴ്ച രാത്രിയോടെ ഇയാള്‍ വീട്ടില്‍ പ്രശ്നം ഉണ്ടാക്കിയത്. ഇതിനിടെ പിതാവില്‍ നിന്ന് രക്ഷപ്പെടാന്‍ അടുത്ത വീട്ടില്‍ അഭയം തേടിയ ഇളയകുട്ടി നല്‍കിയ വിവരം അനുസരിച്ച് പ്രദേശവാസികള്‍ സാബുവിന്‍റെ വീട്ടിലെത്തി. ഇവരാണ് മര്‍ദ്ദനമേറ്റ് അവശരായ ഇയാളുടെ ഭാര്യയെയും മക്കളെയും ആശുപത്രിയിലെത്തിച്ചത്.
മദ്യത്തിന് അടിമയായിരുന്നു സാബു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കള്ളുകുടിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാതെ വന്നതോടെയാണ് മക്കളുടെ പഠനം പോലും നോക്കാതെ ഫോണ്‍ തട്ടിയെടുത്തത്. മൂന്ന് പെണ്‍കുട്ടികളാണ് ഇയാള്‍ക്കുള്ളത്. പഠനത്തില്‍ മിടുക്കരാണ് മൂന്നു പേരും. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് വാങ്ങി ജയിച്ചവരാണ് മൂത്ത രണ്ടു പേരും. ഇളയ മകള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കുട്ടികളുടെ പഠന മികവ് കണ്ടാണ് നാട്ടുകാര്‍ ഇവര്‍ക്ക് 15000 രൂപ വില വരുന്ന സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയത്.