10 August, 2020 07:25:29 PM


'മേരിചേച്ചി'യുടെ പൊതിച്ചോറിലെ കരുതല്‍: ആദരവുമായി കണ്ണമാലി പോലീസ്



കൊച്ചി: ചെല്ലാനത്ത് വിതരണം ചെയ്ത പൊതിച്ചോറിലൊന്നിൽ നൂറു രൂപ കൂടി കരുതി വെച്ച മനസിനെ അവസാനം അന്വേഷിച്ചു കണ്ടെത്തി. കുമ്പളങ്ങി സ്വദേശി മേരി സെബാസ്റ്റിൻ  ആണ് ആ അമ്മ മനസ്സ്. ചെല്ലാനത്തെ ദുരിതാശ്വാസ പ്രവർത്തനത്തിന് മുന്നിൽ നിൽക്കുന്ന കണ്ണമാലി സി.ഐ. ഷിജു തന്നെയാണ് ആ സ്നേഹത്തെ കണ്ടെത്തിയത്.  കടലാക്രമണം രൂക്ഷമായ ചെല്ലാനത്ത് നിന്നും ആഴ്ചകളായി ഒരാൾ പണിക്കു പോയിട്ട്. മറ്റുള്ളവരുടെ സഹായം കൊണ്ട് മാത്രമാണ് പല കുടുംബങ്ങളും മുന്നോട്ട് പോകുന്നത്.


കൂലിവേലക്കാരനായ ഭർത്താവിന് ജോലിയില്ലാതായിട്ട് നാലാഴ്ചയായി. അതുകൊണ്ടുതന്നെ പണിയില്ലാതെയാകുന്ന ഒരാളുടെ വിഷമം മേരി ചേച്ചിയോട് പറയേണ്ട. അതാണ് കൈയ്യിൽ ഉണ്ടായിരുന്ന നൂറു രൂപ പൊതിച്ചോറിനൊപ്പം വെച്ചത്. "പറ്റുന്ന പോലെ ഞാൻ സഹായിച്ചെന്നേയുള്ളു. ആർക്കെങ്കിലും ഉപകാരപ്പെടട്ടെയെന്നു കരുതി". മേരിചേച്ചിയോടുള്ള ആദരവ് പ്രകടിപ്പിക്കാൻ കണ്ണമാലി സ്റ്റേഷൻ ഒന്നടങ്കം എത്തി. സി ഐ ഷിജു, ചേച്ചിക്ക് ഉപഹാരം സമ്മാനിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K