09 August, 2020 12:20:09 AM


വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമിൽ വിഷാംശം: പെണ്‍കുട്ടി മരിച്ചു; സംഭവത്തിൽ ദുരൂഹത


uploads/news/2020/08/416344/ice cream.jpg


കാസര്‍ഗോഡ്: വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീം കഴിച്ച് അവശ നിലയിലായ പെണ്‍കുട്ടി മരിച്ചത് വിഷം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കാസര്‍ഗോഡ് വെള്ളരിക്കുണ്ട് ബളാല്‍ അരീങ്കല്ലിലെ ആന്‍ മേരി (19) എന്ന പെണ്‍കുട്ടിയുടെ മരണത്തിലാണ് മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.


എലിവിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്ത് വിഷമാണെന്ന് സ്ഥിരീകരിക്കാന്‍ രാസ പരിശോധനാ ഫലം കൂടി പുറത്തുവരാനുണ്ടെന്നും പോലീസ് പറഞ്ഞു. ആന്‍ മേരിയുടെ പിതാവ് ബെന്നി, മാതാവ് ബെസി, സഹോദരന്‍ ആന്‍ബിന്‍ എന്നിവരെയും അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവ് ബെന്നിയുടെ ആരോഗ്യനില ഗുരുതരമാണ്. അതേസമയം മാതാവും സഹോദരനും അപകടനില തരണം ചെയ്ത് ആശുപത്രി വിട്ടതായും പോലീസ് വ്യക്തമാക്കി.


ഒരാഴ്ച മുമ്പാണ് ആന്‍മേരിയും സഹോദരനും വെള്ളരിക്കുണ്ടിലെ വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. ഇത് കഴിച്ച് തൊട്ടടുത്ത ദിവസമാണ് ആന്‍ മേരിക്ക് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ആദ്യം വെള്ളരിക്കുണ്ടിലെ ആശുപത്രിയില്‍ ചികിത്സ തേടി. മഞ്ഞപ്പിത്തം ബാധിച്ചുവെന്ന സംശയത്തില്‍ തൊട്ടടുത്ത ദിവസം ചെറുപുഴയിലെ ബന്ധുവിന്‍െ്‌റ വീട്ടിലെത്തി അവിടെ ചികിത്സ തേടുകയായിരുന്നു.


ബുധനാഴ്ച വൈകിട്ട് ആറോടെയാണ് പെണ്‍കുട്ടി ചെറുപുഴയിലെ ആശുപത്രിയില്‍ മരിച്ചത്. ഇതിന് മുമ്പ് ഇവര്‍ ചെറുപുഴയില്‍ ഒറ്റമൂലി ചികിത്സ നടത്തിയതായും വിവരമൃണ്ട്. അച്ഛന്‍ ബെന്നിയെയും അമ്മ ബെസിയെയും സമാന ലക്ഷണങ്ങളോടെയാണ് ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K