25 July, 2020 09:07:11 PM
അണലിയുടെ കടിയേറ്റ കുഞ്ഞിന് കോവിഡ്: ആരും വന്നില്ല; രക്ഷകനായി ജിനിൽ
കാസര്‍കോട്: കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രി. കാസര്‍കോട് പാണത്തൂര്‍ വട്ടക്കയത്തുള്ള ഒരു വീട്ടില്‍ നിന്ന് രക്ഷിക്കണേയെന്ന് പറഞ്ഞ് നിലവിളി ഉയര്‍ന്നുകേട്ടപ്പോള്‍ അയല്‍വാസികള്‍ എന്താണ് സംഭവമെന്നറിയാതെ പകച്ചു. ഒന്നര വയസുള്ള കുഞ്ഞിനെ പാമ്പ് കടിച്ചതിനെ തുടര്‍ന്ന് സഹായത്തിനായി അയല്‍ക്കാരെ വിളിച്ച് കൂട്ടുകയായിരുന്നു ദമ്പതികള്‍. കോവിഡ് ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ വീട്ടില്‍ നിന്നാണ് ആ നിലവിളി എന്ന് മനസിലായതോടെ അവിടേക്ക് പോകാന്‍ ആളുകള്‍ മടിച്ചു നിന്നു.
പക്ഷേ, രക്ഷയ്ക്കായി ആ വീട്ടിലേക്ക് ജിനില്‍ മാത്യു എന്ന യുവാവ് രണ്ടും കല്‍പ്പിച്ച് ഓടിയെത്തി. പാമ്പു കടിയേറ്റ് കിടക്കുന്ന കുഞ്ഞിനെ വാരിയെടുത്ത് ആംബുലന്‍സ് വിളിച്ച് വരുത്തി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചു. കുട്ടിക്ക് വിഷം ഇറങ്ങാനുള്ള മരുന്നു കൊടുത്തു, വൈകാതെതന്നെ അപകടനില തരണം ചെയ്തു. പിറ്റേന്ന് സാധാരണ അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. മാരക വിഷമുള്ള അണലി വിഭാഗത്തില്‍പ്പെട്ട പാമ്പാണ് കുഞ്ഞിനെ കടിച്ചത്. പിന്നീടാണ് കോവിഡ് പരിശോധനയില്‍ കുഞ്ഞിന് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ജിനില്‍ സ്വമേധയാ ക്വാറന്‍റൈനില്‍ പ്രവേശിച്ചു.