25 July, 2020 02:32:09 PM


മനുഷ്യവിസര്‍ജ്ജ്യത്തിലെ ഇകോളി ബാക്ടീരിയ ബിരിയാണിയില്‍; ആരോഗ്യ വകുപ്പ് അന്വേഷിക്കുന്നു



കോഴിക്കോട്: വാഹനങ്ങളില്‍ റോഡരികില്‍ വില്‍പ്പന നടത്തുന്ന ബിരിയാണിയില്‍ മനുഷ്യവിസര്‍ജ്ജ്യത്തില്‍ കാണുന്ന ഇകോളി ബാക്ടീരിയ. കോഴിക്കോട് നഗരപ്രദേശത്ത് നിന്ന് ബിരിയാണി സാമ്പിള്‍ ശേഖരിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയിലായിരുന്നു കണ്ടെത്തൽ. കോവിഡ് കാലത്ത് വഴിയോരങ്ങളില്‍ വാഹനങ്ങളിലെത്തിച്ച് വ്യാപകമായി ബിരിയാണി വില്‍പ്പന നടക്കുന്നുണ്ട്. രാമനാട്ടുകരയ്ക്കും വടകരയ്ക്കും ഇടയില്‍ റോഡരികിലാണ് ബിരിയാണി വില്‍പ്പന തകൃതിയില്‍ നടക്കുന്നത്. 


ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ കോഴിക്കോട് റീജണല്‍ അനലറ്റിക്കല്‍ ലബോറട്ടറിയിലായിരുന്നു ബിരിയാണി പരിശോധിച്ചത്. 12 ഇടങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ബിരിയാണിയിലാണ് ഇകോളി ബാക്ടീരിയ കടന്നുകൂടുക. മനുഷ്യ വിസര്‍ജ്യത്തില്‍ കാണപ്പെടുന്ന ഇ കോളി ബാക്ടീരിയ അകത്ത് ചെന്നാല്‍ കടുത്ത വയറിളക്കവും ഛര്‍ദ്ദിയുമുണ്ടാകും. മരണത്തിന് വരെ കാരണമായേക്കുമെന്നാണ് വിദഗ്ധാഭിപ്രായം. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K