22 July, 2020 01:02:13 PM
തെളിവെടുപ്പിന് കൊണ്ടുവന്ന പോക്സോ കേസ് പ്രതി കടലില്‍ ചാടി; തെരച്ചില്‍ തുടരുന്നു
കാസർഗോഡ്: തെളിവെടുപ്പിന് കടപ്പുറത്ത് കൊണ്ടുവന്ന പോക്‌സോ കേസിലെ പ്രതി കടലില്‍ ചാടി. കാസർഗോഡ് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ മഹേഷ് ആണ് നെല്ലിക്കുന്ന് ഹാര്‍ബറില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ കൈവിലങ്ങോടെ പോലീസിനെ തള്ളി മാറ്റി കടലിൽ ചാടിയത്.
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കുളിമുറി ദൃശ്യം മൊബൈലില്‍ പകര്‍ത്തിയതിനാണ് ഇയാൾ അറസ്റ്റിലായത്. ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ക്യാമറ നെല്ലിക്കുന്ന് ഹാര്‍ബറിലെ കല്ലിനിടയില്‍ പ്ലാസ്റ്റിക്ക് കവറില്‍ പൊതിഞ്ഞ് മൊബൈല്‍ സൂക്ഷിച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെയും കൊണ്ട് തെളിവെടുപ്പിന് എത്തിച്ചത്.
കൈവിലങ്ങ് അണിയിച്ചത് കാരണം നീന്തി രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്ന മത്സ്യതൊഴിലാളികള്‍ പറയുന്നത്. അതേസമയം യുവാവ് ഒളിപ്പിച്ചുവെച്ചിരുന്ന മൊബൈല്‍ ഫോണ്‍ പോലീസ് കണ്ടെടുത്തു. ഇരുകൈയ്യിലും വിലങ്ങണിയിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായാണ് പോലീസിനെ തള്ളി മാറ്റി പ്രതി കടലിലിലേക്ക് എടുത്ത് ചാടിയത്.