22 June, 2020 08:09:25 PM
സിസ്റ്റർ ലിനിയുടെ ഭർത്താവിന്റെ ജോലി സ്ഥലത്തേക്ക് മാർച്ച്; 3 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ
കോഴിക്കോട്: സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ. സിദ്ദിഖ് വളയംപറമ്പില്‍ , റാഷിദ് കിഴക്കോത്ത് , പേരാമ്പ്ര കുന്നുമ്മല്‍ സൂരജ് എന്നിവരെയാണ് പെരുവണ്ണാമൂഴി പൊലീസ് അറസ്റ്റ് ചെയ്തത്. കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാർച്ച് നടത്തുകയും ആരോഗ്യകേന്ദ്രം ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടറെ കൈയ്യേറ്റം ചെയ്യുകയും ചെയ്തതിന് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഡി സി സി സെക്രട്ടറി മുനീർ എരവത്ത് ഉള്‍പ്പെടെ 13 പേര്‍ക്കെതിരെയാണ് കേസ്. കൂത്താളി പി എച്ച് സി മെഡിക്കൽ ഓഫീസർ നൽകിയ പരാതിയിലാണ് നടപടി.
ആരോഗ്യമന്ത്രി കെകെ ശൈലജയെ കോവിഡ് റാണിയെന്നും നിപ രാജകുമാരിയെന്നും വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവനയ്ക്കെതിരെ സജീഷ് രംഗത്തെത്തിയിരുന്നു. നിപ്പ കാലത്ത് ഗസ്റ്റ് റോളില്‍ പോലും മുല്ലപ്പള്ളി ഇല്ലായിരുന്നെന്നും തന്നെ ഫോണില്‍ വിളിച്ചില്ലെന്നും സജീഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സജീഷ് ജോലി ചെയ്യുന്ന ആരോഗ്യകേന്ദ്രത്തിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യകേന്ദ്രത്തിലേക്ക് നടത്തിയ മാര്‍ച്ചിനെ വിമര്‍ശിച്ചിരുന്നു.