18 June, 2020 05:41:58 PM
കൊവിഡ് വാര്‍ഡിലെ നഴ്‌സ് ലിഫ്റ്റില്‍ കുടുങ്ങി; മരണം മുന്നില്‍ കണ്ട് ഒരു മണിക്കൂര്‍
കൊച്ചി: കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രി ലിഫ്റ്റില്‍ പിപിഇ കിറ്റ് ധരിച്ച് നഴ്‌സിങ് അസിസ്റ്റന്റ് അബോധാവസ്ഥയില്‍ കഴിഞ്ഞത് ഒരു മണിക്കൂറിലേറെ. കൊവിഡ് വാര്‍ഡിലെ നഴ്സായ താഹിറയാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. അലാറം മുഴക്കിയിട്ടും ആരും എത്താതിരുന്നതോടെ ബോധരഹിതയായി ലിഫ്റ്റിനുള്ളില്‍ വീണ നഴ്‌സിനെ അവശനിലയിലാണ് പുറത്തെടുത്തത്. ലിഫ്റ്റില്‍ കയറിയപ്പോള്‍ അതില്‍ മൂന്ന് ട്രോളിയുണ്ടായിരുന്നു. നാലാള്‍ക്ക് നില്‍ക്കാന്‍ പറ്റുന്ന ലിഫ്റ്റിനുള്ളിലാണ് കുടുങ്ങിയതെന്നും നഴ്‌സ് പറഞ്ഞു.
ഓപ്പറേഷന്‍ തീയറ്ററിലേക്ക് എക്കോ മിഷ്യനുമായാണ് നഴ്സ് ലിഫ്റ്റില്‍ കയറിയത്. ലിഫ്റ്റ് മുകളിലേക്ക് ഉയരുന്നതിനിടെ ബ്ലോക്കാവുകയായിരുന്നു. ലിഫ്റ്റില്‍ ഉറക്കെ തട്ടിയിട്ടും ആരും കേട്ടില്ല. ഇരുട്ടില്‍ തപ്പിപ്പിടിച്ച് അലാറം മുഴക്കിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല. ഒരുവില്‍ ബോധം കെട്ട് ലിഫ്റ്റില്‍ തളര്‍ന്നുവീഴുകയായിരുന്നു. അടുത്ത ഷിഫ്റ്റിലേയ്ക്കുള്ള നാലു പേര്‍ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് ഇവര്‍ ലിഫ്റ്റില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്.