08 June, 2020 09:39:53 AM
മൂവാറ്റുപുഴയില് മുനിസിപ്പൽ കൗൺസിലർമാരുടെ പഠനയാത്രകൾ വിവാദത്തിൽ
മൂവാറ്റുപുഴ: തെരഞ്ഞെടുപ്പിന് മൂന്നു മാസം മാത്രം അവശേഷിച്ചിരിക്കെ മാലിന്യ സംസ്കരണ മാതൃകകൾ കണ്ടുപഠിക്കാനെന്ന പേരിൽ മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർമാർ നടത്തിയ പഠനയാത്ര വിവാദമായി. ചെയർപേഴ്സെൻറ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കുന്നംകുളത്തേക്ക് പഠനയാത്ര നടത്തിയത്. രണ്ട് വർഷം മുമ്പ് തുമ്പൂർമുഴിയിലേക്കും മികച്ച മാലിന്യ സംസ്കരണ മാതൃകകൾ കണ്ടുപഠിക്കാനായി കൗൺസിലർമാർ യാത്ര നടത്തിയിരുന്നു.
ഇതിന് ചെലവായ തുകയുടെ പേരിൽ ഓഡിറ്റ് ഒബ്ജക്ഷൻ നിലവിലുണ്ട്. കുന്നംകുളത്തെ മാലിന്യ സംസ്കരണ മാതൃക മൂവാറ്റുപുഴയിൽ നടപ്പാക്കാനാകുമെന്നാണ് കൗൺസിലർമാർ പറയുന്നത്. ഇതിനായി അടുത്ത ദിവസം തന്നെ കൗൺസിൽ യോഗം ചേരും. ഈ ഭരണസമിതിയുടെ കാലാവധി തീരുംമുമ്പ് പദ്ധതി തുടക്കമിടാനാണ് ലക്ഷ്യം. മാലിന്യ സംസ്കരണ വിഷയത്തിൽ എന്നും പഴി കേൾക്കുന്ന നഗരസഭ ഭരണമുന്നണിക്ക് അടുത്ത തെരഞ്ഞെടുപ്പിൽ പിടിച്ചു നിൽക്കാനുള്ള കച്ചി തുരുമ്പാണ് യാത്രയെന്ന ആരോപണവും ഉയർന്നു.
നേരത്തേ കണ്ട തുമ്പൂർമുഴി പദ്ധതി നഗരസഭയിൽ നടപ്പാക്കാൻ ശ്രമം നടെന്നങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിനായി വലിയ തുകയും ചെലവഴിച്ചു. തുടർന്ന് എട്ടു മാസം മുമ്പ് സ്വകാര്യ ഏജൻസിയെ മാലിന്യ സംസ്കരണം ഏൽപ്പിെച്ചങ്കിലും അതും പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് കുന്നംകുളം മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാനുള്ള ശ്രമം നടക്കുന്നത്. മൂന്നുമാസം മാത്രം കാലാവധിയുള്ള ഭരണസമിതിയുടെ മാലിന്യ സംസ്കരണ മാതൃക തേടിയുള്ള യാത്ര പ്രഹസനമാണെന്ന് മുനിസിപ്പൽ പ്രതിപക്ഷ നേതാവ് കെ.എം. അബ്ദുൽ സലാമും, ഉപനേതാവ് സി.എം. ഷുക്കൂറും പറഞ്ഞു. ലോക്ഡൗൺ നിർദേശങ്ങൾ പോലും ലംഘിച്ചായിരുന്നു ടൂറിസ്റ്റ് ബസിലെ കൗൺസിലർമാരുടെ പഠനയാത്രയെന്നും ആരോപണമുയരുന്നുണ്ട്.