06 June, 2020 05:14:51 PM
കിണര്‍ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചു; രണ്ട് പേരെ രക്ഷപ്പെടുത്തി
കോഴിക്കോട്: കൊയിലാണ്ടി മാടക്കരയില്‍ കിണര്‍ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കോമത്ത്കര സ്വദേശി നാരായണ (57നാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഭാഷ്, ശശി എന്നിവരെ രക്ഷപ്പെടുത്തി. ഉച്ചയോടെയാണ് സംഭവം. മൂന്ന് തൊഴിലാളികള്‍ കിണറിൽ ഇറങ്ങിയും രണ്ടുപേര്‍ പുറത്ത് നിന്നുമായാണ് നിര്‍മ്മാണത്തിലേര്‍പ്പെട്ടത്.
സ്ഥലത്ത് രണ്ട് ദിവസമായി മഴയുണ്ടായിരുന്നതിനാല്‍ നനഞ്ഞടര്‍ന്ന മണ്ണ് കിണര്‍ നിര്‍മ്മാണത്തിനിടെ ഇടിഞ്ഞ് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടനെതന്നെ നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. നാരായണന്‍ നാല് മണിക്കൂറോളം മണ്ണിനടിയിലായെങ്കിലും തല പുറത്തായിരുന്നു. അതിനാൽ തന്നെ ആദ്യഘട്ടത്തിൽ ശ്വാസമുണ്ടായിരുന്നു.
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണിടിഞ്ഞ് കിണറിന്റെ പകുതിയോളം മൂടിപ്പോയതിനാല്‍ ജെസിബി ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. കിണറിന് എട്ട് കോലോളം താഴ്ചയിൽ എത്തിയപ്പോഴാണ് കിണറിടിഞ്ഞത്. നാരായണന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.