04 June, 2020 01:21:16 PM
മത്സ്യവ്യാപാരിക്ക് കോവിഡ്: നാട്ടുകാര്‍ ആശങ്കയില്‍; വിപണനകേന്ദ്രം തല്ലിത്തകര്‍ത്തു
കോഴിക്കോട്: കോവിഡ് രോഗിയുടെ മത്സ്യവില്‍പ്പനകേന്ദ്രം തല്ലിത്തകര്‍ത്തു. പുറമേരി വെള്ളൂര്‍ റോഡിലുള്ള കടയാണ് അക്രമിക്കപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഷട്ടറും മത്സ്യം വില്‍ക്കുന്ന സ്റ്റാന്റും തകര്‍ത്ത നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് നാദാപുരം പൊലീസ് കേസെടുത്തു.
മത്സ്യ വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെ നാദാപുരം, പുറമേരി, കുന്നുമ്മല്‍, കുറ്റ്യാടി പഞ്ചായത്തുകളും വടകരയിലെ ചില പ്രദേശങ്ങളും കണ്ടൈന്‍മെന്റ് സോണില്‍ പെട്ടിരുന്നു. സമീപ പ്രദേശങ്ങളിലെയടക്കം മത്സ്യ മാര്‍ക്കറ്റുകളെല്ലാം അടക്കുകയും വ്യാപാരികളോട് നിരീക്ഷണത്തില്‍ പോവാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കോവിഡ് രോഗം സ്ഥിരീകരിച്ചതോടെ മത്സ്യവ്യാപാരിയുടെ പിതാവ് അടക്കം നിരീക്ഷണത്തിലാണ്. ഇയാളുമായി ബന്ധപ്പെട്ടുവെന്ന് കരുതന്നവരുടെ രണ്ടുഘട്ടമായിവന്ന പരിശോധനാഫലങ്ങള്‍ മുഴുവന്‍ നെഗറ്റീവാണ്. ഇനി 85 പേരുടെ ഫലംകൂടി വരേണ്ടതുണ്ട്. ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ എടുത്ത സ്രവപരിശോധനാഫലമാണ് വരാനുള്ളത്.
പരിശോധനാഫലം നെഗറ്റീവായവരും നിര്‍ബന്ധമായും 14 ദിവസം ഹോം ക്വറന്റീനില്‍ പ്രവേശിക്കണം. തൂണേരിയിലെ മത്സ്യമൊത്തവ്യാപാരി കൂടുതല്‍പേരുമായി സമ്പര്‍ക്കത്തിലായത് നാട്ടുകാരെ ഏറെ ഭീതിയിലാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും നിയന്ത്രണങ്ങള്‍ ലംഘിച്ച് യുവാവ് പലയിടങ്ങളില്‍ യാത്ര നടത്തിയിരുന്നു.