19 May, 2020 08:10:02 PM
പൊലീസിനു നേരെ കല്ലെറിഞ്ഞ് അന്യസംസ്ഥാന തൊഴിലാളികള്‍; കോഴിക്കോട് സംഘർഷം
കോഴിക്കോട്: കുറ്റ്യാടിക്ക് സമീപം പാറക്കടവിൽ പൊലീസിനു നേരെ കല്ലേറ് നടത്തി അന്യസംസ്ഥാന തൊഴിലാളികൾ. ഇതേത്തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. നാട്ടിലേക്ക് മടങ്ങി പോകണമെന്നാവശ്യപ്പെട്ട് നൂറോളം ബിഹാർ സ്വദേശികൾ തെരുവിലിറങ്ങിയിരുന്നു. ഇവരോട് താമസസ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് നിർദ്ദേശം വകവയ്ക്കാതെ തൊഴിലാളികൾ കല്ലേറ് നടത്തുകയായിരുന്നു. ഇതേത്തുടർന്ന് പൊലീസ് ലാത്തി വീശി.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് ആക്രമണമുണ്ടായത്. നാട്ടിലേക്ക് മടങ്ങാൻ ഈ മാസം 20ന് ശേഷമെ ട്രെയിൻ സർവീസുള്ളുവെന്ന് പൊലീസ് അറിയിച്ചെങ്കിലും തൊഴിലാളികൾ പിൻവാങ്ങാൻ തയാറായില്ല. ജാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലുള്ളവർ മടങ്ങിയെന്നും തങ്ങള്‍ക്കും നാട്ടിലേക്ക് പോകണം എന്നു പറഞ്ഞാണ് ഇവർ പ്രതിഷേധിച്ചത്.
ഒരാള്‍ 7000 രൂപ വീതം മുടക്കിയാൽ 40 പേര്‍ക്ക് ഒരു ബസ് നൽകാമെന്നും പൊലീസ് അറിയിച്ചു. എന്നാൽ തങ്ങളുടെ പക്കൽ പണമില്ലെന്നും ഇവർ വ്യക്തമാക്കി. നടന്ന് പോകുമെന്ന് തൊഴിലാളികൾ പറഞ്ഞെങ്കിലും ഇത് അനുവദിക്കാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാലു പോരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.