18 May, 2020 11:00:11 PM
പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിന് മര്‍ദ്ദനം; 5 സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി
മാനന്തവാടി: വയനാട് മാനന്തവാടിയില്‍ പെണ്‍കുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത പിതാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ സി.പിഎം പ്രവർത്തകരായ അഞ്ച് പ്രതികളും പൊലീസിന് മുന്നില്‍ കീഴടങ്ങി. വെളളമുണ്ട പൊലീസിന് മുന്നിലാണ് പ്രതികള്‍ കീഴടങ്ങിയത്. മുതിരേരിയില്‍ വീടിനടുത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയെയും അപമാനിക്കുകയും മൊബൈലില്‍ ദൃശ്യങ്ങളെടുത്തതിനെ ചോദ്യം ചെയ്തതിന് പ്രതികൾ 5 പേരും ചേർന്ന് പിതാവിനെ മർദ്ദിക്കുകയായിരുന്നു.
മെയ് 8 നടന്ന സംഭവശേഷം ഒളിവിൽ പോയ പ്രതികൾ പൊലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സി.പി.എം പാർട്ടി മെംബർമാരും പ്രവർത്തകരുമായ പ്രദേശവാസികളായ നിനോജ്, അനൂപ്, അനീഷ്, ബിനീഷ്, അജീഷ് എന്നിവരാണ് കീഴടങ്ങിയത്. പെൺകുട്ടിയുടെ പിതാവിൻറെ പല്ല് അടിച്ച് കൊഴിച്ച സംഭവത്തിൽ പ്രതികളായവരെ പൊലീസ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുകയാണെന്ന് കുടുംബം ആരോപിച്ചിരുന്നു.
തുടക്കത്തിൽ മാനന്തവാടി പൊലീസ് അന്വേഷിച്ച കേസിന്‍റെ ചുമതല പിന്നീട് വെള്ളമുണ്ട സി ഐ ഏറ്റെടുക്കുകയായിരുന്നു. പൊലീസുകാർ കോവിഡ് നിരീക്ഷണത്തിലാവുകയും മാനന്തവാടി സ്റ്റേഷൻ അടക്കുകയും ചെയ്ത സാഹചര്യത്തിലാണ് സ്റ്റേഷൻ ചുമതല മാറിയത്.