18 May, 2020 10:23:15 PM
കടത്തിണ്ണയില്‍ കിടക്കാന്‍ പറഞ്ഞത് പൊലീസ്: ഗുരുതര വെളിപ്പെടുത്തലുമായി കോഴിക്കോട്ടെ കോവിഡ് രോഗി
കോഴിക്കോട്: കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തി കടത്തിണ്ണയില്‍ കിടക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. താൻ കടത്തിണ്ണയില്‍ കിടന്നത് പൊലീസ് പറഞ്ഞത് കൊണ്ടാണെന്നാണ് കോഴിക്കോട് രോഗം സ്ഥിരീകരിച്ചയാൾ മാധ്യമ പ്രവർത്തകരോട് വെളിപ്പെടുത്തി. ക്വാറൻറയിന് സൗകര്യം ഒരുക്കണമെന്ന് നരിപ്പറ്റ പഞ്ചായത്ത് പ്രസിഡൻറിനോട് നേരത്തെ പറഞ്ഞിരുന്നതായും സ്ഥലമില്ലെന്ന് പറഞ്ഞാണ് വടകരയിലെ ക്വാറൻറയിന് സെന്ററില്‍ പ്രവേശിപ്പിക്കാതിരുന്നതെന്നും ചെന്നൈയില്‍നിന്ന് വന്ന നരിപ്പറ്റ സ്വദേശിയായ രോഗി പറഞ്ഞു.
സഹോദരന്റെ ചെറിയ കുട്ടിയുള്ളത് കൊണ്ട് വീട്ടിലേക്ക് പോകാന്‍ കഴിയില്ലായിരുന്നുവെന്നും രോഗി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോഴിക്കോട് ജില്ല കലക്ടര്‍ അറിയിച്ചു. ഇയാളുമായി സമ്പര്ക്കത്തിലായെന്ന നിഗമനത്തെ തുടര്‍ന്ന്, വടകര നഗരസഭ കൗണ്‍സിലര്‍ അടക്കം മൂന്നുപേരെ ക്വാറൻറീനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ചെന്നൈയില്‍നിന്ന് വാളയാര്‍ ചെക്പോസ്റ്റ് വഴി മേയ് 10ന് രാത്രി 12 ഓടെ കാറില്‍ മൂന്നുപേരോടൊപ്പമാണിയാള് വടകര ടൗണിലെത്തിയത്. തുടര്‍ന്ന്, വടകര ആലക്കല്‍ റസിഡന്‍സിയിലെ കോവിഡ് കെയർ സെന്ററില്‍ പോയെങ്കിലും താമസ സൗകര്യം ലഭിച്ചില്ല. അങ്ങിനെയാണ് രാത്രി സമീപത്തെ കട വരാന്തയില്‍ കഴിഞ്ഞത്.
ഇതിനിടെ, പാലോളി പാലത്തെ നഗരസഭയുടെ ആയുര്‍വേദ ആശുപത്രിയില്‍ ക്വാറൻറീന് സംവിധാനം ഉണ്ടെന്ന തെറ്റായ വിവരം അറിഞ്ഞു അവിടേക്ക് ഓട്ടോയില്‍ പോയി. തൊട്ടടുത്ത കടയില്‍നിന്ന് ചായ കുടിച്ചു. ഇയാളെ കണ്ട നാട്ടുകാര്‍ വാര്‍ഡ് കൗണ്‍സിലറുമായും നരിപ്പറ്റ പഞ്ചായത്തു പ്രസിഡൻറുമായും ബന്ധപ്പെട്ടു. തുടര്‍ന്ന്, അനുജന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പൊലീസ് സൗകര്യം ഒരുക്കി.
13ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു. ഈ സാഹചര്യത്തിലാണ് നഗരസഭ കൗണ്‍സിലര്‍, ചായക്കടക്കാരന്, സിവില്‍ പൊലീസ് ഓഫിസര്‍, കൂട്ടിക്കൊണ്ടുവന്ന ഓട്ടോ ഡ്രൈവര്‍ എന്നിവർ ക്വാറൻറീനില്‍ പോയത്.