17 May, 2020 08:39:01 AM
ബിഹാറിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളിസംഘം അപകടത്തിൽപ്പെട്ട് മൂന്നു മരണം
കോഴിക്കോട്: ബിഹാറിലെ നവാഡയിൽനിന്ന് കാറിൽ കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളിസംഘം തെലുങ്കാനയിൽ അപകടത്തിൽപ്പെട്ട് മൂന്നുപേർ മരിച്ചു. നിസാമാബാദിൽ നിർത്തിയിട്ടിരിക്കുന്ന ലോറിക്കു പിന്നിൽ കാറിടിച്ച് ചെമ്പുകടവ് മാഞ്ചേരിൽ തോമസിന്റെ മകൻ അനീഷ് (36), അനീഷിന്റെ മകൾ അനാലിയ (ഒന്നര വയസ് ), കാർ ഓടിച്ചിരുന്ന കർണാടക മൂകാംബിക സ്വദേശി സ്റ്റാനി(23) എന്നിവരാണു മരിച്ചത്.
ഇന്നലെ വെളുപ്പിന് രണ്ടിനാണ് അപകടം. പിൻസീറ്റിൽ ഇരുന്ന അനീഷിന്റെ ഭാര്യ ദിവ്യയെയും മൂത്തമകളെയും പരിക്കുകളോടെ ഹൈദരാബാദ് ഉസ്മാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ച മൂന്നുപേരും. നവാഡ വാസ്ലിഗഞ്ച് സെന്റ് തെരേസാസ് ഇംഗ്ളീഷ് സ്കൂളിലെ അധ്യാപകരാണ് അനീഷും സ്റ്റാനിയും. ഇരുവരും വാസ്ലിഗഞ്ചിലാണ് താമസം. അനീഷിന്റെ സഹോദരൻ അനൂപും ഭാര്യയും മറ്റൊരു കാറിൽ പിന്നിൽ വരികയായിരുന്നു. അനൂപിന്റെ ഭാര്യയുടെ പ്രസവം സ്വദേശത്ത് ആക്കണമെന്ന ഉദ്ദേശ്യത്തോടെ രണ്ടു കുടുംബവും ചെന്പുകടവിലേക്ക് 14ന് വൈകുന്നേരമാണു പുറപ്പെട്ടത്.