15 May, 2020 10:52:18 AM
പ്രതിസന്ധികളോടു പട പൊരുതി സുമി ഓടി കയറിയത് മജിസ്ട്രേറ്റ് പദവിയിലേയ്ക്ക്
- നൗഷാദ് വെംബ്ലി
മുണ്ടക്കയം: പുളിന്താനത്ത് സുരേന്ദ്രന്‍- ഉഷ ദമ്പതികളുടെ മകള്‍ പി.എസ്.സുമി ഇനി മജിസ്‌ട്രേറ്റിന്റെ പദവിയിലേക്ക്. ജീവിതത്തിലൊരിക്കലും പ്രതീക്ഷിക്കാതിരുന്ന ആ നിയോഗം ലഭിച്ചതിലുളള സന്തോഷത്തിലാണ് പുളിന്താനം കുടുബം. കഷ്ടപ്പാടുകളോട് പടപൊരുതി വിജയം കൊയ്ത ഈ മലയോര നിവാസി നാടിനു അഭിമാനമായിരിക്കുകയാണ്. സുരേന്ദ്രന്‍ ഉഷ- ദമ്പതികളുടെ രണ്ടു മക്കളില്‍ ഇളയവളായ സുമി സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നും ലഭിച്ച വിദ്യാഭ്യാസം നിയമ ബിരുദത്തില്‍ വരെ എത്തിച്ചു മജിസ്‌ട്രേറ്റ് പദവിയിലെത്തിച്ചിരിക്കുകയാണ്.
ചെറുകിട റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ സുരേന്ദ്രന്‍ വിവിധ സ്ഥലങ്ങളില്‍ ടാപ്പിങ് ജോലി ചെയ്തു കിട്ടുന്ന തുശ്ചമായ വരുമാനത്തിലാണ് മക്കളെ പഠിപ്പിച്ചത്. ബുദ്ധിമുട്ടുകളോടു പടപൊരുതി വളര്‍ന്ന തനിക്കു നഷ്ടമായ വിദ്യാഭ്യാസം തന്റെ മക്കള്‍ക്കു ലഭിക്കാതെ പോകാതിരിക്കാന്‍ കുട്ടികളുടെ ഇഷ്ടത്തിനനുസരിച്ചാണ് സുരേന്ദ്രന്‍ മക്കളെ പഠിപ്പിച്ചത്. മകള്‍ സുമി വക്കീലാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തന്നെ സുരേന്ദ്രന്റെ ചിന്ത അതിലേക്കായിരുന്നു. പിന്നെ മകളുടെ ആഗ്രഹം സാഫില്യമാക്കാനുളള നെട്ടോട്ടത്തിലായിരുന്നു ഈ പിതാവ്.
തിരുവനന്തപുരം ലോ ആക്കാദമിയില്‍നിന്നും നിയമബിരുദമെടുത്ത സുമി എം.ജി.സര്‍വ്വകലാശാലയില്‍ നിന്നും എല്‍.എല്‍.എം. ബിരുദവു സമ്പാദിച്ചു കോണ്‍സ്റ്റിറ്റുഷന്‍ ലോയില്‍ ഒന്നാം റാങ്കുകാരികൂടിയാണ് സുമി.സുപ്രിം കോടതിയിലായിരുന്നു ആദ്യ പ്രാക്ടീസ്.പിന്നീട് .കോട്ടയത്തും ,കാഞ്ഞിരപ്പളളി കോടതിയിലും പ്രാക്ടീസിനു കയറിയ സുമി ഒരു വക്കീലിനപ്പുറം ഒന്നും ചിന്തിച്ചിരുന്നില്ല. മുപ്പത്തിരണ്ടു സീറ്റിനായി മൂവായിരം പേര്‍ എഴുതിയ പരീക്ഷയിലാണ് കോട്ടയം ജില്ലയില്‍ നാലുപേരില്‍ ഒരാളായ മജിസ്‌ട്രേറ്റ് എന്ന പദവിക്ക് അര്‍ഹയായത.് ആലുവയിലെ ജുഡീഷ്യല്‍ അക്കാദമിയില്‍ ജൂണ്‍ മാസത്തില്‍ ട്രെയിനിങ് തുടങ്ങും പിന്നീടാവും നിയമനം.
പുഞ്ചവയല്‍ സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിലാണ് പ്രാഥമീക വിദ്യാഭ്യാസം. മുരിക്കുംവയല്‍ വി.എച്.എസ്സില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, വെണ്‍കുറിഞ്ഞി എസ്.എന്‍.ഡി.പി.സ്‌കൂളില്‍ പ്ലസ്ടു വിദ്യാഭ്യാസം നടത്തിയ ഈ നിര്‍ധന കുടുംബക്കാരി പഠനത്തില്‍ എക്കാലവും മുന്നില്‍ തന്നെയായിരുന്നു.സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് ലഭിക്കുന്ന ദിവസം തന്റെ പിതാവു അത് കാണാനായി വഴിയില്‍ കാത്തു നില്‍ക്കുമായിരുന്നു. തന്റെ മക്കളുടെ പഠനത്തില്‍ അക്കാലത്തു അതീവ ശ്രദ്ധയിലായിരുന്നു സുരേന്ദ്രന്‍. പട്ടിണിയുടെ ഗന്ധമറിയുന്ന വീട്ടില്‍ നിന്നും വളര്‍ന്നു വന്നതിനാല്‍ തന്നെ തനിക്കു സാധാരണക്കാരനു നീതികിട്ടണമെന്ന ആഗ്രഹമാണുളളതെന്നു സുമി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഫോറന്‍സിക് വിദഗ്ദനായ ഡോ.രാഗേഷാണ് ഭര്‍ത്താവ്. ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഉദ്ഘര്‍ഷ് ഏകമകനാണ്. ഡല്‍ഹിയില്‍ സ്വകാര്യ സാമ്പത്തീക സ്ഥാപനത്തില്‍ ജീവനക്കാരന്‍ സുജിനാണ് സഹോദരന്‍.