14 May, 2020 02:38:35 AM
പോലീസുകാർക്ക് കോവിഡ്: മാനന്തവാടി സ്റ്റേഷനിലെ 24 പോലീസുകാർ ക്വാറന്റൈനിൽ
മാനന്തവാടി: പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാനന്തവാടി പോലീസ് സ്റ്റേഷനിലെ 24 പോലീസുകാർ ക്വാറന്റൈനിൽ. മലപ്പുറം, കണ്ണൂർ ജില്ലക്കാരായ രണ്ട് പോലീസുകാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കത്തിൽവന്ന സഹപ്രവർത്തകരാണ് ക്വാറന്റൈനിൽപോയിരിക്കുന്നത്.
വ്യാഴാഴ്ച മുതൽ സ്റ്റേഷനിൽ പിപിഇ കിറ്റ് ധരിച്ച രണ്ട് പോലീസുകാർ മാത്രമാകും ഉണ്ടാകുക. ഒരു ആരോഗ്യപ്രവർത്തകനും പോലീസ് സ്റ്റേഷനിലുണ്ടാകും. പോലീസ് സ്റ്റേഷനിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ചെന്നൈയിൽ നിന്നും വന്ന മാനന്തവാടി സ്വദേശിയായ ട്രക്ക് ഡ്രൈവറിൽനിന്നാണ് പോലീസുകാർക്ക് രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.
കഴിഞ്ഞ മാസം 26 ന് ആണ് ട്രക്ക് ഡ്രൈവർ ചെന്നൈയിൽനിന്നും തിരിച്ചെത്തിയത്. ട്രക്ക് ഡ്രൈവറിൽനിന്ന് പോലീസുകാർക്ക് അടക്കം 10 പേർക്ക് കൊറോണ പിടിപെട്ടു. ഇന്നലെ ട്രക്ക് ഡ്രൈവറുടെ മകൾക്കും മകളുടെ കുട്ടിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ ട്രക്ക് ഡ്രൈവറുടെ കുടുംബത്തിലെ മൂന്നു പേര്‍ക്കും സഹഡ്രൈവറുടെ മകനും സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു രണ്ടുപേര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.