06 May, 2020 12:53:40 PM
പ്രവാസികള്‍ മടങ്ങുന്നു; കൊച്ചി വിമാനത്താവളത്തിലും തുറമുഖത്തും ഒരുക്കങ്ങളായി
കൊച്ചി: പ്രവാസികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലും കൊച്ചി തുറമുഖത്തും സജ്ജീകരണങ്ങൾ പൂർത്തിയായി. ഏഴ് ദിവസങ്ങളിലായി പത്തു വിമാനങ്ങളാണ് പ്രവാസികളുമായി നെടുമ്പാശേരിയിൽ എത്തുക. തുറമുഖത്തു 3 കപ്പലുകളും എത്തും. സമാനതകളില്ലാത്ത മുന്നൊരുക്കമാണ് വിമാനത്താവളത്തിലും തുറമുഖത്തും.
സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി പരിശോധനയക്കായി പ്രത്യേക തെർമൽ സ്കാനർ നെടുമ്പാശേരി വിമാനതാവളത്തിൽ സ്ഥാപിച്ചു. വിമാനമിറങ്ങിയാൽ യാത്രക്കാരെ ടെർമിനലിനകത്ത് പ്രത്യേക ഭാഗത്ത് സാമൂഹ്യ അകലം പാലിച്ചായിരിക്കും ഇരുത്തുക. പ്രത്യേക പ്ലാസ്റ്റിക്ക് കസേരകളിൽ പ്രത്യേക തരം തുണികളും ഇതിനായി പൊതിയും. ഈ പരിസരം ഇടയ്ക്കിടെ അണുവിമുക്തമാക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ 2150 പേരെയാണ് പ്രതീക്ഷിക്കുന്നത്. അബുദാബിയിൽ നിന്നും ദോഹയിൽ നിന്നും 200 യാത്രക്കാർ വീതമായാണ് ആദ്യ ദിനമെത്തുക. വിമാനത്താവളത്തില്‍ നിന്ന് താമസ സ്ഥലങ്ങളിലേക്ക് ആളുകളെ എത്തിക്കുന്നതിനായി ഡബിള്‍ ചേംബര്‍ ടാക്‌സി കാറുകളും തയ്യാറാക്കിയിട്ടുണ്ട്.
തുറമുഖത്തും ആവശ്യമായ മുൻ കരുതലോടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മാലിദ്വീപിൽ നിന്ന് രണ്ടും ദുബായിൽ നിന്ന് ഒരു കപ്പലും കൊച്ചിയിൽ എത്തും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗബാധ ഒഴിവാക്കാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് മുന്‍കൂട്ടി സ്വീകരിച്ചിട്ടുണ്ട്. വിദേശത്തു നിന്നെത്തുന്നവരുമായുള്ള ആദ്യഘട്ട സമ്പര്‍ക്കം പരമാവധി കുറയ്ക്കാനാവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്.