05 May, 2020 12:13:48 AM


എറണാകുളത്ത് കോവിഡ് ബാധിച്ചവരിൽ 32% പേരും രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നവര്‍



കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുണ്ടായിരുന്ന 25 പേരിൽ 8 പേർക്കും രോഗലക്ഷണങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല എന്ന് ജില്ലാ സർവൈലൻസ് വിഭാഗത്തിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ഇത് ആകെ രോഗികളുടെ  32% വരും. മൂന്നാറിൽ നിന്നും വന്ന ബ്രിട്ടീഷ് 'യാത്രാ സംഘത്തിലെ ആദ്യം പോസിറ്റീവ് ആയ വ്യക്തിയൊഴികെ ബാക്കി 6 പേർക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. 


രോഗലക്ഷണങ്ങളൊന്നും തന്നെയില്ലെങ്കിലും ഹോം ക്വാറന്‍റയിനില്‍ കഴിയുന്ന ഓരോരുത്തരും, അവരോട് നിർദേശിച്ചിട്ടുള്ള ദിവസങ്ങളത്രയും കർശനമായ മുൻകരുതലുകളോടെ വീടുകളിൽ തന്നെ കഴിയണമെന്നത്  രോഗ പ്രതിരോധത്തിൽ വളരെയധികം പ്രധാനപ്പെട്ടതാണ് എന്നതിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്.


ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ (മറ്റു ജില്ലയിൽ സ്ഥിരീകരിച്ചവർ ഉൾപ്പടെ) സമ്പർക്ക പട്ടികയിൽ ഇത് വരെ കണ്ടെത്തിയത് 2,3O2 പേരെയാണ്. ഇതിൽ 1041 പേർ പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ആണ്. ഇതിൽ 4 പേർക്ക്  മാത്രമാണ് പിന്നീട് രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാം തന്നെ കോവിഡ് ബാധിച്ച് മരിച്ച യാക്കൂബ് ഹുസൈൻ സേട്ടുമായി സമ്പർക്കം പുലർത്തിയവരാണ്‌. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുമായി സമ്പർക്കം ഉണ്ടായിട്ടുള്ളവര് ഉൾപ്പെടുന്ന  രണ്ടാംനിര  പട്ടികയിൽ ഉണ്ടായിരുന്ന 1261 പേരിൽ ആർക്കും തന്നെ  രോഗം ബാധിച്ചില്ല.


ജില്ലയിൽ രോഗം സ്ഥിരീകരിച്ച 25 പേരു० വ്യത്യസ്ഥ പ്രായ വിഭാഗത്തിൽ പ്പെടുന്നു. O-9 പ്രായ വിഭാഗ० - 1,  10-19 പ്രായ വിഭാഗ० - 1, 20-29 പ്രായ വിഭാഗ० - 6, 30-39 പ്രായ വിഭാഗ० - 5, 40-49 പ്രായ വിഭാഗ० - 3, 50-59 പ്രായ വിഭാഗ० - 2,  60-69 പ്രായ വിഭാഗ० - 4, 70-79 പ്രായ വിഭാഗ० - 2, 80-89 പ്രായ വിഭാഗ० - 1. യുവാക്കളും മുതിർന്നവരും ഒരുപോലെ രോഗത്തിനെതിരെ കരുതൽ പുലർത്തണമെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന 25 പേരിൽ 12 പേർ മാത്രമാണ് എറണാകുളം ജില്ലയിൽ നിന്നുള്ളവർ. ബാക്കിയുള്ളവരിൽ 7 പേർ ബ്രിട്ടീഷ് പൗരന്മാരും, 5 പേർ കണ്ണൂർ ജില്ലക്കാരും, ഒരാൾ മലപ്പുറം സ്വദേശിയുമാണ്. 


കേരളത്തിന് പുറമെ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചവരിൽ 7 ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെ 9 പേർ എത്തിയത് ബ്രിട്ടനിൽ നിന്നും, 2 പേർ ഫ്രാൻസിൽ നിന്നും, 5 പേർ യു.എ.ഇ യിൽ നിന്നും, 3 പേർ ഇറ്റലിയിൽ നിന്നുമാണ്. ഇവർക്കെല്ലാം തന്നെ ജില്ലയിലെത്തി 14 ദിവസത്തിനകം തന്നെ രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വിവര ശേഖരണം, വിശകലന०, അതിന്റെ അടിസ്ഥാനത്തിൽ കർമ്മപദ്ധതി തയ്യാറാക്കൽ എന്നിവ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ കാര്യത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു. ഇവിടെയാണ് ഡിസീസ് സർവെയ്ലൻസ് വിഭാഗത്തിന്റെ പ്രവർത്തനങ്ങളു० കാര്യക്ഷമതയു० പ്രസക്തമാകുന്നത്.








Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K