20 April, 2016 02:41:51 PM
ഈ തെരഞ്ഞെടുപ്പു വേണ്ടെന്നു വയ്ക്കണോ ? ഇനിയെങ്കിലും ആലോചിച്ചു കൂടെ ?
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏതാണ്ട് ഒരു തീരുമാനമൊക്കെ ആയിരിക്കുന്നു. അക്കൂട്ടത്തില്‍ ജനങ്ങള്‍ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ട്. മുന്നണികള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങളില്‍ പൊതുസമ്മതരല്ലാത്തവരും എന്നാല്‍ അണികളുടെ സംഘബലത്താല്‍ വിജയിക്കുമെന്നുറപ്പുള്ളവരും കടന്നു കൂടിയിട്ടുണ്ട്.
പാര്‍ട്ടികളിലും മുന്നണികളിലും വിശ്വാസം നഷ്ടപ്പെട്ട ജനത ഇപ്പോള്‍ വ്യക്തികളിലാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. അത്തരത്തിലുള്ള ചിന്തയുടെ ഭാഗമായാണ് കേന്ദ്രത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. മോദിയെ അധികാരത്തില്‍ കൊണ്ടുവരാന്‍ ബി ജെ പിക്ക് വോട്ടു ചെയ്തു. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ ബി ജെ പി പരാജയപ്പെട്ടത് അവിടെയൊരു 'മോദി' ഇല്ലാത്തതിനാലാണ്.
കേരളത്തിലും ജനങ്ങള്‍ പാര്‍ടി ഭേദമെന്യേ ചില സ്ഥാനാര്‍ഥികള്‍ ജയിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ട്. മുന്‍പ് ചേര്‍ത്തലയില്‍ എ കെ ആന്റണിയും സി കെ ചന്ദ്രപ്പനും മത്സരിച്ചപ്പോള്‍ ആളുകള്‍ ബുദ്ധിമുട്ടി. രണ്ടുപേരും നിയമസഭയില്‍ വേണ്ടവരാണ് എന്ന തോന്നലാണ് കാരണം. കെ വി സുരേന്ദ്ര നാഥ് എന്ന എതിര്‍ സ്ഥാനാര്‍ഥിയെക്കുറിച്ച് കെ കരുണാകരന്‍ പറഞ്ഞത്, ആശാന്‍ നല്ല മനുഷ്യനാണ് . തനിക്കെതിരെ നിര്‍ത്തി തോല്‍പ്പിക്കുകയല്ല; രാജ്യസഭയിലൂടെ പാര്‍ലമെന്റില്‍ എത്തിക്കുകയാണ് വേണ്ടതെന്നാണ്.
ചില മണ്ഡലങ്ങളില്‍ ചില സ്ഥാനാര്‍ഥികള്‍ വിജയിക്കില്ല. അതവരുടെ കുഴപ്പമല്ല. കാര്യങ്ങളുടെ കിടപ്പ് അങ്ങനെയാണ്. അത്തരം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയുടെ സൌമ്യതയോ അഴിമതിയില്ലായ്മയോ ഒന്നും വോട്ടായി മാറില്ല. എല്ലാ പാര്‍ട്ടികളിലുമുള്ള നല്ല സ്ഥാനാര്‍ഥികള്‍ സഭയിലുണ്ടാകണമെങ്കില്‍ ഈ തെരഞ്ഞെടുപ്പു മാമാങ്കം വേണ്ടെന്നു വയ്ക്കണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാത്രം ഒരാളെ തെരെഞ്ഞെടുക്കുക. മിനിമം അമ്പതു ശതമാനം വോട്ടു ലഭിച്ചിരിക്കണം. കൂടുതല്‍ വോട്ടുകിട്ടിയ ആള്‍ക്ക് മുഖ്യമന്ത്രിയാകാം. അയാള്‍ക്ക് മികച്ച ആളുകളെ മന്ത്രി സഭയിലേക്ക് നിര്‍ദ്ദേശിക്കാം. വോട്ടെടുപ്പ് ഓണ്‍ലൈന്‍ വഴിയാക്കുക. ഭീമമായ തെരഞ്ഞെടുപ്പു ചെലവും ലാഭിക്കാം.
മറ്റൊരു മാര്‍ഗ്ഗം ഈയെമ്മെസ്സു പറഞ്ഞതാണ്. ആനുപാതിക പ്രാതിനിധ്യം. ഓരോ പാര്‍ട്ടിക്കും ഇത്ര സീറ്റുകള്‍ എന്നു തീരുമാനിക്കുക. അംഗീകാരമുള്ള പാര്‍ടികള്‍ അനുപാതമനുസരിച്ചു സഭയിലേക്ക് ആളുകളെ നോമിനേറ്റു ചെയ്യുക. അപ്പോള്‍ പിന്നെ 'നല്ലവരെന്നു' നമുക്ക് തോന്നുന്നവര്‍ മത്സരിച്ചു തോല്‍ക്കുന്ന അവസ്ഥ ഉണ്ടാവില്ലല്ലോ!ജനഹിതമനുസരിച്ചു നിയമനിര്‍മ്മാണ സഭയിലേക്ക് യോഗ്യരായവരെ നോമിനേറ്റു ചെയ്യാന്‍ കഴിയുമല്ലോ.
അങ്ങനെ രാജ്യത്തെ മുടിക്കുന്ന ഈ തെരഞ്ഞെടുപ്പു സമ്പ്രദായം വേണ്ടെന്നു വയ്ക്കാന്‍ നമുക്ക് കഴിയണം ..