29 April, 2020 02:08:22 PM
മാസ്ക് ധരിച്ചില്ലെങ്കിൽ 5000 രൂപ പിഴ; വയനാട്ടിൽ കർശന നിർദേശവുമായി പൊലീസ്
കല്‍പ്പറ്റ: ലോക്ക്ഡൗൺ നിർദേശങ്ങൾ ശക്തമാക്കി വയനാട് ജില്ലാ പൊലീസ്. മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി മുതൽ 5000 രൂപ പിഴ ഈടാക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. കേരള പോലീസ് നിയമത്തിലെ 2020 ൽ നിലവിൽ വന്ന റൂൾ 118 (ഇ) പ്രകാരമാണ് 5000 രൂപ പിഴ ഈടാക്കാൻ സാധിക്കുന്നത്. പിഴ അടയ്ക്കാൻ തയ്യാറല്ലെങ്കിൽ കേസ് കോടതിയിലേക്ക് പോകും. കോടതിയിൽ കേസ് തെളിയിക്കപ്പെട്ടാല്‍ മൂന്ന് വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ ലഭിക്കും.
കടയുടമ ആയാലും വ്യക്തി ആയാലും മാസ്ക് ധരിച്ചില്ലങ്കിൽ കേസ് എടുക്കും. 20 രൂപയുടെ മാസ്കിനോ കർച്ചീഫിനോ പകരം എന്തിനാണ് 5000 രൂപ പിഴയടക്കാൻ നിൽക്കുന്നതെന്ന് വയനാട് എസ്.പി. പ്രതികരിച്ചു. ഇതേ നിയമം ചട്ടം 120 പ്രകാരം ഓഫീസധികാരിയോ കടയുടമയോ സാനിറ്റൈസർ, സോപ്പ് ,കൈ കഴുകാനുള്ള സംവിധാനം എന്നിവ ഏർപ്പെടുത്തിയിട്ടില്ലങ്കിലും കേസെടുക്കും. 1000 രൂപ പിഴയടച്ച് കേസിൽ നിന്ന് ഒഴിവാക്കാം. പിഴയടയ്ക്കാൻ തയ്യാറാകാതെ ഈ കേസ് കോടതിയിലേക്ക് പോയാൽ ശിക്ഷ ഒരു വർഷം തടവും 5000 രൂപ പിഴയുമായിരിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി പറഞ്ഞു.