26 April, 2020 08:21:39 PM


കോഴിക്കോട് ജില്ലയില്‍ 8026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു



കോഴിക്കോട്: ലോക്ഡൗണ്‍ കാലയളവില്‍ ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ജില്ലയില്‍ 8026 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ഏലിയാമ്മ അറിയിച്ചു. ശക്തമായ പരിശോധനകളുടെ ഫലമായി മോശം മത്സ്യം വരുന്നത് കുറഞ്ഞിട്ടുണ്ട്. ജില്ലയിലേക്ക് തമിഴ്‌നാട്, കര്‍ണാടക, ഗോവ, ഒറീസ എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യം എത്തിക്കൊണ്ടിരിക്കുന്നത്. നാടന്‍ മത്സ്യത്തിന്റെ ലഭ്യത ഉറപ്പായതോടെ മോശം മത്സ്യത്തിന്റെ വരവ് ഏറെക്കുറെ നിലച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും കര്‍ശന നടപടികളിലൂടെ ഭക്ഷ്യസുരക്ഷാവകുപ്പ് മുന്നോട്ടുപോകുമെന്ന് അവര്‍ അറിയിച്ചു.


ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ജില്ലയില്‍ വിവിധയിടങ്ങളിലായി നടത്തിയ 493 പരിശോധനകളില്‍ ശാസ്ത്രീയമായ ലാബ് റിപ്പോര്‍ട്ടിന്റെ  അടിസ്ഥാനത്തിലാണ് നടപടികള്‍ എടുത്തിട്ടുള്ളത്. പരിശോധനയ്ക്ക് മൊബൈല്‍ ലാബിലെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. 12 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 44 ഇന്‍ഫോര്‍മല്‍ സാമ്പിളുകളുമാണ് കോഴിക്കോട് റീജിയണല്‍ അനലിറ്റിക്കല്‍ ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. കച്ചവടക്കാര്‍ക്ക് 81 നോട്ടീസുകള്‍ നല്‍കി. ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രണ്ട് സ്‌ക്വാഡുകളും  ജില്ലാ ഭരണകൂടവുമായി ചേര്‍ന്നുള്ള ഒരു സംയുക്ത സ്‌ക്വാഡുമാണ് പ്രവര്‍ത്തിക്കുന്നത്.


55 കമ്മ്യൂണിറ്റി കിച്ചണ്‍, 11 പഴക്കടകള്‍, നാല് മില്‍ക്ക് യൂണിറ്റുകള്‍, ഒന്‍പത് റേഷന്‍ കടകള്‍, 10 ബേക്കറികള്‍, ഏഴ് ജനറല്‍ സ്‌റ്റോര്‍, ഒന്‍പത് പച്ചക്കറി കടകള്‍, 10 സൂപ്പര്‍ മാര്‍ക്കറ്റ്, ഒന്‍പത് ചിക്കന്‍ സ്റ്റാള്‍, മൂന്ന് മീറ്റ് സ്റ്റാള്‍, എട്ട് ഹോട്ടല്‍, ഒരു ഗോഡൗണ്‍ എന്നിവയിലും പരിശോധന നടത്തി. കുറ്റിയാടിയില്‍  കാലാവധി കഴിഞ്ഞ പാല്‍, ബ്രഡ് എന്നിവ കണ്ടെത്തിയ ബേക്കറിക്കെതിരെ നടപടി സ്വീകരിച്ചു. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെയും ആവശ്യമായ സ്‌റ്റോറേജ് സൗകര്യങ്ങള്‍ ഇല്ലാതെയും പ്രവര്‍ത്തിച്ച കൊയിലാണ്ടിയിലെ ചിക്കന്‍ സ്റ്റാളിന്റെ പ്രവര്‍ത്തനം നിര്‍ത്തിവപ്പിച്ചു.


20 കോമ്പൗണ്ടിംഗ് കേസുകളാണ് ജില്ലയില്‍ റഫര്‍ ചെയ്തിട്ടുള്ളത്. ലോക്ക് ഡൗണിനു ശേഷം ട്രഷറികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതോടെ ഇത്രയും കേസുകളില്‍ പിഴ ഈടാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ലൈസന്‍സ് ഇല്ലാതെ കച്ചവടം ചെയ്യുന്നത് ആറുമാസം തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണ്. ഇത്തരക്കാര്‍ക്കെതിരെ പ്രോസിക്യൂഷന്‍ കേസുകള്‍ ഫയല്‍ ചെയ്യുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K