21 April, 2020 10:35:12 PM


ഗോവയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ 4000 കിലോ പഴകിയ മത്സ്യം പിടിച്ചു



കോഴിക്കോട്: ഗോവയില്‍ നിന്നും കേരളത്തിലേക്ക് കടത്തിയ മായം കലര്‍ത്തിയ 4000 കിലോ മത്സ്യം പിടിച്ചു. മലപ്പുറം ജില്ലയുടെ അതിര്‍ത്തിയായ ഫറോഖ് കോട്ടയ്ക്കലിലാണ് 4000 കിലോ തൂക്കം വരുന്ന മായം കലര്‍ത്തിയ പഴകിയ മത്സ്യം പിടിച്ചെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നശിപ്പിച്ചത്. 123 പെട്ടികളിലായിട്ടാണ് മത്സ്യം സൂക്ഷിച്ചിരുന്നത്.


കോഴിക്കോട്ടെ വിവിധ മാര്‍ക്കറ്റുകളില്‍ 40 പെട്ടിയോളം മത്സ്യം വിതരണം ചെയ്തതിനു ശേഷം മലപ്പുറം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്യുവാന്‍ പോകുന്ന വഴി ദുര്‍ഗന്ധത്തെ തുടർന്നാണ് ഭക്ഷ്യവകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ മത്സ്യം പഴക്കം ചെന്നതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് ഡെപ്യൂട്ടി കളക്ടര്‍ അനിത കുമാരി പറഞ്ഞു.


ഗോവയിലുള്ള മൊത്ത വ്യാപാരിയുമായി ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മത്സ്യം ഉണക്കുവാന്‍ കൊണ്ടുപോവുകയായിരുന്നു എന്നായിരുന്നു വിശദീകരണം. എന്നാല്‍, പരിശോധനയില്‍ ഉണക്കി ഉപയോഗിക്കുവാന്‍ പോലും കഴിയുന്ന മത്സ്യമായിരുന്നില്ലെന്ന് കണ്ടെത്തി. പിടിച്ചെടുത്ത മത്സ്യം കുഴിച്ച് മൂടുവാന്‍ ആവശ്യമായ തുക വ്യാപാരിയില്‍ നിന്നുതന്നെ ഭക്ഷ്യവകുപ്പ് ഇടാക്കി. വരുദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭക്ഷ്യവിഭാഗം അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K