21 April, 2020 04:46:03 PM


വയനാട്ടിൽ നിയന്ത്രണ വിധേയമായി കടകൾ തുറക്കാം; പരമാവധി സമയം 7 മുതൽ 5 വരെ.



കല്‍പ്പറ്റ: ഓറഞ്ച് ബി മേഖലയിൽ ഉൾപ്പെട്ട വയനാട് ജില്ലയിൽ നിയന്ത്രണവിധേയമായി കടകൾ തുറക്കാൻ ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ലയും വ്യാപാരി പ്രതിനിധികളും നടത്തിയ ചർച്ചയിൽ തീരുമാനമായി. കോവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പും ജില്ല ഭരണകൂടവും നിഷ്കർഷിക്കുന്ന എല്ലാ മുൻകരുതലുകളും പാലിക്കണം. 

1. കമ്പി, സിമന്‍റ്, സ്റ്റീൽ പൈപ്പ്, സ്ക്വയർ പൈപ്പ് എന്നിവ മാത്രം വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാം. രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ.


2. പെയിന്‍റ്, ടൈൽ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, പ്ലംബിങ് സാധനങ്ങൾ, ഗൃഹനിർമാണത്തിനുപയോഗിക്കുന്ന മറ്റ് സാധന സാമഗ്രികൾ, അലൂമിനിയം ഫാബ്രിക്കേഷൻ കടകൾ എന്നിവ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രം തുറന്ന് പ്രവർത്തിക്കാം. രാവിലെ ഏഴ് മുതൽ വൈകീട്ട് അഞ്ച് വരെ.


3. കാർഷിക മേഖലയിൽ ഉപയോഗിക്കുന്ന ചൂടി, കയർ, തൂമ്പ, കേര വള്ളി, പ്ലാസ്റ്റിക് ഷീറ്റ് മുതലായവ വിൽക്കുന്ന കടകൾ തിങ്കളാഴ്ചകളിൽ മാത്രം രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെ തുറക്കാം.


4. ചെരുപ്പ് കടകൾ ചൊവ്വാഴ്ചകളിൽ മാത്രം 10 മുതൽ മൂന്ന് വരെ തുറക്കാം.


5. വസ്ത്രവ്യാപാര സ്ഥാപനങ്ങൾ മുഴുവൻ തുറക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാറുമായി ചർച്ചചെയ്ത് തീരുമാനമറിയിക്കും. കുട്ടികളുടെ വസ്ത്രങ്ങൾ, ഇന്നർവെയറുകൾ, തോർത്ത്, കൈലി എന്നിവ മാത്രം വിൽക്കുന്ന ചെറിയ കടകൾ വ്യാഴാഴ്ചകളിൽ മാത്രം 10 മുതൽ മൂന്ന് വരെ തുറന്ന് പ്രവർത്തിക്കാം.


6. തറയിൽ വിരിക്കുന്ന മാറ്റ്, പ്ലാസ്റ്റിക് ഷീറ്റുകൾ മുതലായവ വിൽക്കുന്ന റെക്സിൻ ഷോപ്പുകൾ ശനിയാഴ്ചകളിൽ മാത്രം 10 മുതൽ മൂന്ന് വരെ പ്രവർത്തിക്കാം. 

കലക്ടറേറ്റിൽ നടന്ന ചർച്ചയിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് കെ.കെ. വാസുദേവൻ, ജില്ല ട്രഷറർ ഇ. ഹൈദ്രു കൽപ്പറ്റ, വൈസ് പ്രസിഡന്‍റ് കെ. ഉസ്മാൻ മാനന്തവാടി, ഡപ്യൂട്ടി കലക്ടർ കെ. അജീഷ് എന്നിവർ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K