21 April, 2020 12:23:32 PM


ലോക്ഡൗണ്‍ മറികടന്ന് സജിതയ്ക്കുള്ള മരുന്നെത്തിച്ചു; അങ്ങ് മുബൈയില്‍നിന്ന്




കാസര്‍കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ  തിരക്കിനിടയിലും കയ്യൂര്‍ - ചീമിനിയില്‍ ഉള്ള സജിതക്ക് ക്യാന്‍സറിനുള്ള മരുന്ന് മുംബൈയില്‍ നിന്ന് എത്തിച്ചു നല്‍കി. വൃക്ക സംബന്ധമായ അസുഖവും ക്യാന്‍സര്‍ രോഗവും ബാധിച്ച സജിതയ്ക്ക് മുംബൈയില്‍ നിന്നുള്ള മരുന്ന് ആയിരുന്നു ഏക ആശ്രയം. ദേശീയ ലോക്ക് ഡൗണ്‍ കാരണം മുംബൈയില്‍ നിന്നുള്ള മരുന്ന് ലഭിക്കാതെ വിഷമിച്ചിരിക്കെയാണ് ഈ വിവരം ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ശ്രദ്ധയില്‍പ്പെടുന്നത്.


ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത്  ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം എന്‍ഡോസള്‍ഫാന്‍ റീഹാബിലേഷന്‍ പ്രോജക്ട് നോഡല്‍ ഓഫീസറായ ഡോ രാമന്‍ സ്വാതി വാമന്‍ ഇടപ്പെട്ട് മരുന്ന് എത്തിക്കാനുള്ള ഇടപെടലുകള്‍ നടത്തി. എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ പ്രൊജക്റ്റിന്റെ ഭാഗമായിട്ടാണ് സഹായം ലഭ്യമാക്കിയത്. 2015 മുതല്‍ ക്യാന്‍സറിനുള്ള ചികിത്സയിലായിരുന്നു സജിത.


ഒരു ലക്ഷത്തോളം രൂപ വിലവരുന്ന മരുന്ന് കാരുണ്യ ഫാര്‍മസിലൂടെയാണ് ജില്ലയില്‍ എത്തിച്ചത്. തിങ്കളാഴ്ച വൈകിട്ട് തന്നെ ഈ മരുന്ന് സജിതയ്ക്ക് കൈമാറിയെന്ന് ഡോ രാമന്‍ സ്വാതി വാമന്‍ പറഞ്ഞു. ഇതോടൊപ്പം എന്‍ഡോസള്‍ഫാന്‍ റീഹാബിലിറ്റെഷന്‍ പ്രോജെക്ടില്‍പ്പെട്ട എല്ലാ രോഗികള്‍ക്കും ചികിത്സയും മരുന്നും ഉറപ്പുവരുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K