20 April, 2020 10:20:31 PM
'എറണാകുളം ടു കാസര്‍കോട്': റെയില്‍ പാളത്തിലൂടെ നടന്ന യുവാക്കള്‍ എത്തിയത് ക്വാറന്‍റയിനില്‍
കോഴിക്കോട്: ലോക്ക് ഡൗണില്‍ ബസും ട്രെയിനും സര്‍വീസ് നടത്താതെ വന്നതോടെ റയില്‍പാളത്തില്‍ ശരണം തേടിയ രണ്ട് യുവാക്കള്‍ ചെന്നെത്തിയത് ക്വാറന്‍റയിനില്‍. സ്വകാര്യ വാഹനങ്ങളിലെ യാത്രയ്ക്കും കര്‍ശന നിയന്ത്രണമുണ്ടായതോടെയാണ് എറണാകുളത്ത് നിന്ന് മലബാറിന്റെ അങ്ങേയറ്റത്തുള്ള കാസര്‍ക്കോട്ടേക്ക് ഇവര്‍ റെയിൽപ്പാതയിലൂടെ നടന്നത്. പൊലീസിന്‍റെ കണ്ണുവെട്ടിച്ച് നടന്ന് വിയര്‍ത്തൊഴുകി അവശരായ ഇരുവരും ഫറോക്കിലെത്തിയപ്പോൾ പിടിയിലാവുകയായിരുന്നു.
ഫറോക്ക് പുത്തേക്കാട് റെയില്‍പാളത്തിലൂടെ ഞായറാഴ്ച്ച രാത്രിയില്‍ യുവാക്കള്‍ നടക്കുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസെത്തി യുവാക്കളെ പിടികൂടുകയായിരുന്നു. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശികളാണ് രണ്ട് പേരും. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇരുവരും എറണാകുളത്തുനിന്ന് യാത്രതിരിച്ചത്. അഞ്ചാമത്തെ ദിവസം കോഴിക്കോട്ടെത്തി. പൊലീസ് കേസെടുത്തശേഷം ഇരുവരെയും ക്വാറയിന്റില്‍ വിട്ടു. കൂടാതെ റയില്‍പാളത്തിലൂടെ നടന്നതിന് രണ്ട് കോഴിക്കോട് സ്വദേശികള്‍ക്കെതിരെയും ഫറോക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.